
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ പുരുഷ സിംഗിള്‍സ് രണ്ടാം റൗണ്ട് മത്സരത്തിനിടെ ആരാധകരുടെ ഹൃദയം കീഴടക്കി സ്പെയ്ന്‍ താരം റാഫേല്‍ നദാല്‍. ബോള്‍ കിഡിനു നേര്‍ക്ക് അപ്രത്യക്ഷിതമായ അതിവേഗ ഷോട്ട് പതിക്കുകയും പിന്നാലെ പെണ്‍കുട്ടിയുടെ അടുക്കലെത്തി ചെവിയില്‍ സ്വകാര്യം പറഞ്ഞ് മുഖത്ത് ഉമ്മ നല്‍കിയുമാണ് നദാല്‍ ഏവരുടെയും ഹൃദയം കീഴടക്കിയത്.
രണ്ടാം റൗണ്ടില്‍ വ്യാഴാഴ്ച അര്‍ജന്റീനന്‍ താരം ഫെഡ്റികോ ഡെല്ബോണിസുമായുള്ള മത്സരത്തിനിടെയാണ് ഹൃദയം കവരുന്ന നിമിഷങ്ങള്‍ പിറന്നത്. ആദ്യ സെറ്റ് നേടിയ സ്പാനിഷ് താരം രണ്ടാം സെറ്റില്‍ മുന്നേറുന്നതിനിടെയാണ് അപ്രത്യക്ഷിതമായി ഷോട്ട് പാളി കോര്‍ട്ടിനു വശത്ത് നിന്നിരുന്ന ബോള്‍ കിഡിനു നേര്‍ക്ക് ചെന്നത്. പെണ്‍കുട്ടിയുടെ തലയിലാണ് ഷോട്ട് പതിച്ചതെന്ന് കണ്ടയുടനെ നദാലിന്റെ മുഖം വിളറി. എന്നാല്‍ പെണ്‍കുട്ടി പ്രശ്നങ്ങളൊന്നും ഇല്ലെന്ന് അര്‍ത്ഥത്തില്‍ വിജയചിഹ്നം കാണിച്ചുവെങ്കിലും, തൊട്ടു പിന്നാലെ കുട്ടിയുടെ അടുത്തെത്തി പെണ്‍കുട്ടിയെ ചേര്‍ത്തുപടിച്ച് ഉമ്മ നല്‍കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ തലയില്‍ അതിവേഗത്തിലുള്ള ഷോട്ട് പതിക്കുന്നതു കണ്ടപ്പോള്‍ താന്‍ ഭയപ്പെട്ടുവെന്ന് നദാല്‍ മത്സരശേഷം പ്രതികരിച്ചു. അവള്‍ക്ക് അത് ഒരിക്കലും മനോഹരമായ നിമിഷം ആയിരിക്കില്ല. ആ കുട്ടിയുടെ കാര്യമോര്‍ത്ത് താന്‍ ഭയപ്പെട്ടു. ബോള്‍ അതിവേഗത്തിലും സ്ട്രെയിറ്റുമായിരുന്നു. എന്നാല്‍ അവള് നല്ലതായി ഇരിക്കുന്നതറിഞ്ഞതില് സന്തോഷമുണ്ട്. അവള് ധീരയാണ്.. നദാല്‍ പറഞ്ഞു.
*𝒯𝒽𝒶𝓉* ballkid moment, narrated by @RafaelNadal 📚
❤️❤️❤️❤️❤️❤️❤️#AO2020 | #AusOpen pic.twitter.com/tElLurAnQ1— #AusOpen (@AustralianOpen) January 23, 2020
ഹൃദയം കവരുന്ന നിമിഷങ്ങളുടെ വീഡിയോ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലുടെ പങ്കുവെച്ചിട്ടുണ്ട്. അര്‍ജന്റീനന്‍ താരത്തെ മെല്‍ബണിലെ റോഡ് ലേവര്‍ അരീനയില്‍ നദാല്‍ 6-3,7-6(7/4), 6-1 നു പരാജയപ്പെടുത്തി. ആദ്യ റൗണ്ടില്‍ ബോളിവിയന്‍ താരത്തെ തകര്‍ത്താണ് രണ്ടാം റൗണ്ടിലേക്ക് നദാല്‍ കടന്നത്.






