
കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ എല്‍ഡിഎഫ് നടത്തിയ മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്ത പാര്‍ട്ടി അംഗത്തിനെതിരെ മുസ്ലീംലീഗ് നടപടി. ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ എം ബഷീറിനെയാണ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തത്. കഴിഞ്ഞ ദിവസം എല്‍ ഡി എഫ് നടത്തിയ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുക്കുകയും യുഡിഎഫ് നേതൃത്വത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കെ എം ബഷീറിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
മനുഷ്യമഹാശൃംഖലയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുത്ത സംഭവം വിവാഗമാക്കേണ്ടെന്ന് ആയിരുന്നു ലീഗ് നേതാവായ പികെ കുഞ്ഞാലിക്കുട്ടി എംപി പ്രതികരിച്ചത്. പൗരത്വനിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് ആളുകള്‍ പങ്കെടുത്തതെന്നായിരുന്നു കുഞ്ഞാലിക്കുട്ടി നല്കിയ വിശദീകരണം. പൗരത്വ ഭേദഗതിക്കതിരെയുള്ള എല്ലാ സമരത്തിലും എല്ലാവരും പങ്കെടുക്കും, അതെടുത്ത് വിവാദമുണ്ടാക്കുന്നത് ബിജെപിയെ സഹായിക്കാനേ ഉപകരിക്കൂ എന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു.
അതേസമയം മുസ്ലിം ലീഗ് ഭാരവാഹികൂടിയായ ബഷീര്‍ പിന്നീട് ചാനല്‍ ചര്‍ച്ചയിലടക്കം പങ്കെടുക്കുകയും ലീഗിനെയും യുഡിഎഫിനെയും വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ബഷീറിനെതിരെ നടപടി ഉണ്ടായത് എന്നാണ് വിശദീകരണം.






