
മാരുതി സുസുക്കി ബലേനോയുടെ സ്പോർട്ടി വകഭേദം ബലെനോ ആർഎസ് നിർത്തലാക്കുന്നതായി റിപ്പോർട്ട്. 2015-ലാണ് വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി, പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലേക്ക് ബലേനോയെ അവതരിപ്പിച്ചത്. തുടർന്ന് വിപണിയിൽ വൻ വിജയം നേടിയതിനാൽ 2017-ൽ മാരുതി സുസുക്കി ബലേനോയുടെ സ്പോർട്ടി വകഭേദം ബലെനോ ആർഎസിനെ വിപണിയിലെത്തിച്ചു. ബലെനോ ആർഎസ് വില്പനയിൽ മികച്ച തുടക്കം നേടിയെങ്കിലും വിലക്കൂടുതൽ കാരണം അധികം ആവശ്യക്കാരെ നേടാൻ സാധിച്ചില്ല.
ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ഈ വർഷം ഏപ്രിലിൽ നിലവിൽ വരുന്ന ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് ബലെനോ ആർഎസ്സിന്റെ എൻജിൻ പരിഷ്കരിക്കാൻ മാരുതി സുസുക്കിയ്ക്ക് പദ്ധതിയില്ല. ബലെനോ ആർഎസ്സുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നെക്സ വെബ്സൈറ്റിൽ നിന്ന് മാരുതി സുസുക്കി നീക്കം ചെയ്തു കഴിഞ്ഞു.
8.69 ലക്ഷം രൂപയായിരുന്നു 2017 മാർച്ചിൽ ലോഞ്ച് ചെയ്യുമ്പോൾ ബലെനോ ആർഎസ്സിന്റെ എക്സ്-ഷോറൂം വില. 2019 ചെറിയ പരിഷ്കാരങ്ങയുമായെത്തിയപ്പോൾ വില 8.76 ലക്ഷം ആയി ഉയർന്നു. പക്ഷെ വില്പന ഗണ്യമായി കുറഞ്ഞതോടെ കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ വില ഒരു ലക്ഷം കുറച്ചാണ് നെക്സ ഡീലർഷിപ്പുകൾ ബലെനോ ആർഎസ് വിറ്റിരുന്നത്. ഏതാനം ബലെനോ ആർഎസ് യൂണിറ്റുകൾ മാത്രമേ ഇനി നെക്സ ഡീലർഷിപ്പുകളിൽ അവശേഷിക്കുന്നുള്ളൂ.






