
നിരത്തില്‍ എത്താന്‍ ഒരുങ്ങുന്ന പുതിയ കോംപാക്ട് എസ്യുവി മോഡലിന്റെ ടീസര്‍ ചിത്രം പുറത്തു വിട്ട് നിസ്സാന്‍. അവ്യക്തമായ ടീസര്‍ ചിത്രം അല്ലാതെ കോംപാക്ട് എസ്യുവിയെപ്പറ്റിയുള്ള മറ്റൊരു വിവരങ്ങളും നിസ്സാന്‍ ഇന്ത്യ പുറത്തു വിട്ടിട്ടില്ല. 'മെയ്ക് ഇന്‍ ഇന്ത്യ, മെയ്ക്ക് ഫോര്‍ ദി വേള്‍ഡ്' എന്ന തത്വത്തില്‍ അധിഷ്ഠിതമായി ഇന്ത്യയ്ക്കായി പ്രത്യേകം തയ്യാറാക്കുന്ന കോംപാക്ട് എസ്യുവിയായിരിക്കും നിസ്സാന്റെതെന്ന് കമ്പനി അവകാശപ്പെടുന്നു.
ഇന്ത്യയില്‍ ഇന്ന് ലഭ്യമായ കോംപാക്ട് എസ്യുവികളേക്കാള് സ്റ്റൈലിഷും സാങ്കേതിക വിദ്യകള്‍ കൂടുതലുമുള്ള വാഹനമായിരിക്കും തങ്ങളുടേത് എന്ന് നിസ്സാന്‍ ഉറപ്പിക്കുന്നു. പട്രോള്‍, പാത്ത്ഫൈന്‍ഡര്‍, അര്‍മട, ജ്യുക്ക്, ക്വാഷ്കായ് തുടങ്ങിയ ആഗോള വിപണിയിലെ നിസ്സാന്റെ എസ്യുവി മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാവും പുത്തന്‍ കോംപാക്ട് എസ്യുവിയുടെ നിര്‍മ്മാണം. വലിപ്പം കൂടിയ വീല്‍ ആര്‍ച്ചുകളും കറുപ്പ് നിറത്തിലുള്ള ക്ലാഡിങ്ങും നിസ്സാന്‍ കോംപാക്ട് എസ്യുവിയുടെ ഓഫ്റോഡ് ലുക്ക് വര്‍ദ്ധിപ്പിക്കും.
ഫ്ളോട്ടിങ് റൂഫ്, സില്‍വര്‍ നിറത്തിലുള്ള റൂഫ്കി റെയിലുകള്‍, വലിപ്പം കൂടിയ സി-പില്ലര്‍, വശങ്ങളിലേക്ക് കയറി നില്ക്കുന്ന ഹെഡ്, ടെയില്‍ ലാമ്പുകള്‍ എന്നിവ വരാനിരിക്കുന്ന കോംപാക്ട് എസ്യുവിയ്ക്കുണ്ടാകും. വിലക്കുറവുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ റെനോയും നിസ്സാനും കൂടെ തയ്യാറാക്കിയ CMF-A പ്ലാറ്റ്ഫോമില്‍ തന്നെയാവും നിസ്സാന്റെ കോംപാക്ട് എസ്യുവി നിര്‍മ്മിക്കുക. ഇതേ പ്ലാറ്റ്ഫോമിലാണ് റെനോ ട്രൈബറിന്റെയും നിര്‍മാണം.






