
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ സിനിമാ താരങ്ങളടക്കം പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു. ഇക്കൂട്ടത്തില്‍ നടി നിമിഷ സജയന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. "തൃശൂര്‍ ചോദിച്ചിട്ട് കൊടുത്തില്ല പിന്നല്ലേ ഇന്ത്യ" എന്നായിരുന്നു താരത്തിന്റെ പ്രസ്താവന. ഇതിനെതിരെ ഒരുവിഭാഗം രംഗത്തെത്തി. എന്നാല്‍ ഈ വിമര്‍ശനങ്ങളെ തള്ളി തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് താരം.
അഭിനേതാവ് എന്നതിനെക്കാള്‍ ഇന്ത്യന്‍ പൗരയാണെന്ന ബോധ്യം ഉള്ളതുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതെന്നും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും നിമിഷ പ്രതികരിച്ചു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ടുണ്ടാകുന്ന കാര്യങ്ങള്‍ നാടിന്റെ സമാധാനം നഷ്ടപ്പെടുത്തുന്നു. ഇത് വേദനിപ്പിക്കുന്നതാണ്. എല്ലാവരും തുല്യരാകുന്ന കാലമാണ് ആഗ്രഹിക്കുന്നത്. ഒരുമയോടെ നില്ക്കാന് കഴിയണമെന്നും നിമിഷ സജയന് പറഞ്ഞു.
പ്രതിഷേധിക്കുന്നതിന്റെ പേരില്‍ എന്ത് മോശം അഭിപ്രായം ഉണ്ടായാലും താനത് കാര്യമാക്കില്ല. സത്യസന്ധമായി പെരുമാറാനാണ് താന്‍ പഠിച്ചിട്ടുള്ളതെന്നും നിമിഷ സജയന് പറഞ്ഞു.






