
കോട്ടയത്ത് കുടയംപടിയിലുള്ള സഖാവ് വൈക്കം വിശ്വന്റെ വീട്ടില്‍ പിറന്നാള്‍ കേക്ക് മുറിച്ചുകഴിഞ്ഞപ്പോഴേക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ വിളിയെത്തി. പ്രായം പൊതുജനത്തെ അറിയിച്ചല്ലോ!!! എന്നാണ് അദ്ദേഹം ചോദിച്ചത്, മറുപടിയായി വൈക്കം വിശ്വന് പൊട്ടിച്ചിരിച്ചു, വിശേഷങ്ങളും പങ്കുവച്ചു.
പിറന്നാളുകാരന്റെ വീട്ടിലേക്ക് മധുരപലഹാരങ്ങളും മറ്റുമായി പ്രവര്‍ത്തകര്‍ പലരുമെത്തി, പിറന്നാളായിട്ട് ഒരു ഉഷാറില്ലേ??എന്നു ചോദിച്ചവരോട് അവരുടെ വിശ്വേട്ടന് പറഞ്ഞു. പിറന്നാളിനൊക്കെ എന്ത് പ്രസക്തി, തീയതികള്‍ ഇങ്ങനെ കടന്നുപോകും.. പാര്‍ട്ടി തിരക്കുകളിലേക്കും സംസാരത്തിലേക്കും അദ്ദേഹം വീണ്ടും കടന്നു.
കേരളത്തിലെ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും ഇടതുപക്ഷത്തിന്റെ നെടുംതൂണുമായ വൈക്കം വിശ്വന് ജനസേവനം ജീവവായൂ തന്നെ. ആ ജീവിതത്തിന് കൂടുതല്‍ മിഴിവേകി ഭാര്യ ഗീതയും ഒപ്പമുണ്ട്.
12-ാം വയസില്‍ തുടങ്ങിയ രാഷ്ര്ടീയ പ്രവര്‍ത്തനം. തിരിഞ്ഞുനോക്കുമ്പോള്‍..?
ചെറിയ പ്രായത്തില്‍ത്തന്നെ സമൂഹത്തിലുണ്ടായിരുന്ന ബുദ്ധിമുട്ടുകളൊക്കെ അറിഞ്ഞാണ് വളര്‍ന്നത്. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കൊക്കെ അറുതിവരുത്താനും മാറ്റത്തിനുവേണ്ടി പരിശ്രമിക്കാനും കഴിഞ്ഞുവെന്ന് വിശ്വസിക്കുന്നു. ഇത്രയും വര്‍ഷത്തിനപ്പുറം ജനങ്ങള്‍ക്കൊപ്പം നില്ക്കാന് കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ട്.
ഒരു വിദ്യാര്‍ഥി സഖാവില്നിന്നുള്ള പക്വമായ വളര്ച്ചാഘട്ടത്തെക്കുറിച്ച്?
വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. 12 വയസില്‍ തന്നെ എസ്. എഫില്‍ ചേര്‍ന്നു. പത്താംക്ലാസിലൊക്കെയെത്തിയപ്പോള് സജീവ പ്രവര്‍ത്തകനായി. അക്കാലത്താണ് എസ് എഫിന്റെ ജില്ലാ ജോയിന്റ് സെക്രട്ടറിയായത്. പ്രീ-യൂണിവേഴ്സിറ്റി കാലത്ത് സ്റ്റേറ്റ് കമ്മറ്റി മെമ്പറായി.
എറണാകുളം മഹാരാജാസിലാണ് ഡിഗ്രിക്ക് ചേര്‍ന്നത്, ആ മൂന്ന് വര്‍ഷം സജീവമായി ക്യാമ്പസില്‍ പ്രവര്‍ത്തിച്ചു. 18-ാം വയസില്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് ലഭിച്ചു. ഡിഗ്രി കഴിഞ്ഞ് ഒരു വര്‍ഷം അധ്യാപകനായി. പിന്നീട് പോസ്റ്റ്ഗ്രാജുവേഷന് ചെയ്തു. ആ സമയത്താണ് എ.ഐ.എസ്.എഫില്‍ നിന്ന് വ്യത്യസ്തമായി കെ.എസ്.എഫ് രൂപംകൊണ്ടത്.
കെ.എസ്.എഫില്‍ നക്സല്‍ ആശയമുളള വിദ്യാര്‍ഥികളുണ്ടായിരുന്നു. നക്സല്‍ ആശയത്തെ ഞങ്ങളെപ്പോലുള്ളവര്‍ എതിര്‍ത്തിരുന്നു. അത്തരക്കാരെ അതില്‍നിന്ന് പിന്തിരിപ്പിക്കേണ്ട ചുമതല പ്രസിഡന്റായ എനിക്കും സെക്രട്ടറിയായ പിണറായി വിജയനുമായിരുന്നു.
ആ പ്രവര്‍ത്തനങ്ങളൊക്കെ ഇന്ന് ഓര്‍ക്കുമ്പോള്‍ അഭിമാനം നല്കുന്നവയാണ്. 1970 ല്‍ നിയമ പഠനത്തിന് ചേര്‍ന്നു. അക്കാലമായപ്പോള്‍ എസ്.എഫ്. ഐ യുടെ കാലഘട്ടമായി. അന്ന് കോളജ് യൂണിയന് തെരഞ്ഞെടുപ്പില്‍ ചെയര്‍മാനായി മത്സരിച്ച് ജയിച്ചു.
നാട്ടിലൊരു തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഞങ്ങളെ കുറച്ച് പ്രവര്‍ത്തകരെ ബസില്‍ വച്ച് ആക്രമിക്കുകയും, മരിച്ചു എന്ന നിലയില്‍ ഇട്ടിട്ടുപോവുകയുമൊക്കെ ചെയ്തു. രണ്ട് വര്‍ഷമെടുത്തു അതില്‍നിന്ന് റിക്കവര്‍ ചെയ്യാന്‍. അതൊക്കെ ഒരു കാലം.
അക്കാലത്ത് കുടുംബത്തിലും പുരോഗമന ആശയയങ്ങള്‍ നിലനിന്നിരുന്നോ?
എന്റെ ചെറുപ്പകാലത്തുണ്ടായിരുന്ന സമൂഹിക ജീവിതത്തില്‍ വളരെയധികം പ്രത്യേകതകളുണ്ടായിരുന്നു. ശ്രീനാരായണ ഗുരുവും മറ്റ് നവോദ്ധാന നായകരും സമൂഹത്തില്‍ സൃഷ്ടിച്ച വലിയ മാറ്റങ്ങള്‍ എന്റെ ചെറുപ്പകാലത്തേയുണ്ട്. വീട്ടില്‍ ജ്യേഷ്ഠന്മാരെല്ലാം പുരോഗമന ആശയക്കാരായിരുന്നു.
തകരുന്ന നായര്‍ കുടുംബത്തിലെ അംഗമായിരുന്നു ഞാനും. വീടിന്റെ ഒേരാ വശവും പൊളിച്ച് അതെല്ലാം ഓരോരുത്തരായി വീതംവച്ച് കൊണ്ടുപോയി. അതിലൊരു കഷണത്തിലാണ് ഞാനും അമ്മയുമൊക്കെ ജീവിച്ചത്. സാമ്പത്തിക പ്രയാസങ്ങളൊക്കെയുണ്ടായിട്ടുണ്ട്.
അക്കാലത്ത് സജീവമായി പാര്ട്ടിപ്രവര്ത്തനമുള്ളതുകൊണ്ടുതന്നെ പ്രവര്‍ത്തകരൊക്കെ വീട്ടില്‍ തങ്ങുന്ന അവസരമൊക്കെയുണ്ട്. അങ്ങനെ പല പ്രവര്‍ത്തകരേയും അടുത്തറിയാനും അവരുടെ ജീവിതം പഠിക്കാനും കഴിഞ്ഞു. എത്ര ബുദ്ധിമുട്ടായാലും വീട്ടില്‍ വരുന്നവര്‍ക്ക് അമ്മ ഭക്ഷണം കരുതിയിരുന്നു. ആ കൈകൊണ്ടുണ്ടാക്കിയ ഭക്ഷണമാണ് അവര്‍ക്കൊക്കെ വിളമ്പിയിരുന്നതും.
പാര്‍ട്ടിയില്‍ വന്ന വ്യതിയാനങ്ങളെ എങ്ങനെ കാണുന്നു?
വ്യത്യസ്തമായ പല ആശയങ്ങളുണ്ടായിട്ടുണ്ട്. ബഹുജന പാര്ട്ടിയാകുമ്പോഴുള്ള ചില വ്യത്യാസങ്ങളും വന്നിട്ടുണ്ട്. സാമൂഹിക വ്യവസ്ഥ അപ്പാടെ മാറിയിട്ടില്ല. ഫ്യൂഡല്‍ അവശിഷ്ടങ്ങള്‍ മാറി മുതലാളിത്ത സാമൂഹിക വ്യവസ്ഥയുടെ ഗുണവും ദോഷവും ശക്തമായിട്ട് സമൂഹത്തില്‍ വന്നിട്ടുണ്ട്.
സ്ത്രീകള്‍ക്കുവേണ്ടി ഈ ഗവണ്മെന്റ് പല നല്ല കാര്യങ്ങളും ചെയ്തിട്ടുണ്ട്?
കുടുംബം?
ഇപ്പോഴാണ് കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ സമയം കിട്ടുന്നത്. മുന്‍പൊന്നും അതിനൊക്കെയുള്ള സാവകാശം കിട്ടിയിരുന്നില്ല. വൈകിയ വിവാഹമായിരുന്നു എന്റെയും ഗീതയുടേയും. ഞങ്ങള്‍ തമ്മില്‍ 14 വയസിന്റെ വ്യത്യാസവുമുണ്ട്. ഗീത കോളജ് അധ്യാപികയായിരുന്നു.
വൈക്കത്തായിരുന്നു തറവാടെങ്കിലും പാര്ട്ടിസെക്രട്ടറിയായതുകൊണ്ട് കോട്ടയത്തായിരുന്നു വിവാഹശേഷം താമസം. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് സമയംകിട്ടുന്നതുപോലെ വീട്ടില്‍ വരും, അവിടുത്തെ കാര്യങ്ങള്‍ നോക്കും അത്രമാത്രം. കുട്ടികളെ ശ്രദ്ധിക്കുന്നതടക്കം വീട്ടിലെ എല്ലാ ചുമതലകളും ഗീതയാണ് നിര്‍വ്വഹിച്ചത്. വിവാഹത്തിനു മുന്‍പും പഠനകാലത്തുമൊന്നും സ്ഥിരമായി വീട്ടില്‍ പോവുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തിരുന്നില്ല ഞാന്‍.
ഗീത വിശ്വന് :- എന്റെ ബന്ധുവായ പണിക്കര്‍ ചേട്ടനും പി. ഗോവിന്ദപിള്ളയുംകൂടി ആലോചിച്ച് എന്റെ അമ്മാവന് വഴിയാണ് വിശ്വന് ചേട്ടന്റെ ആലോചന വന്നത്. രാഷ്്രടീയ പാരമ്പര്യമുള്ള കുടുംബമായിരുന്നു എന്റേത്. അച്ഛനും അമ്മയും ഒക്കെ സജീവ പ്രവര്‍ത്തകര്‍. അതുകൊണ്ടുതന്നെ രാഷ്ട്രീയക്കാരനെ വിവാഹം കഴിക്കേണ്ട എന്നൊരു തീരുമാനം എന്റെ മനസിലുണ്ടായിരുന്നു. പക്ഷേ വിശ്വന് ചേട്ടന്റെ ആലോചന വന്നപ്പോഴേക്കും അച്ഛനത് വളരെ ഇഷ്ടപ്പെട്ടു. ഇദ്ദേഹം മതി എന്റെ ജീവിതപങ്കാളിയായിട്ട് എന്ന് അച്ഛന് തീരുമാനിച്ചു. ഞാന്‍ എതിര്‍പ്പൊന്നും പറഞ്ഞുമില്ല.
പൊതുപ്രവര്‍ത്തകനാണ്, എപ്പോഴും കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയംകിട്ടില്ല എന്നൊന്നും പരാതിയില്ലായിരുന്നു. കാരണം ഞാന്‍ അത്തരം തിരക്കുകളൊക്കെ കണ്ടും അറിഞ്ഞും വളര്‍ന്നയാളാണ്. തുടക്കകാലത്തൊക്കെ ചെറിയ സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെയുണ്ടായിരുന്നു. ഞങ്ങളുടെ മക്കള്‍ സാധാരണ സ്കൂളുകളിലും കോളജുകളിലുമൊക്കെയായാണ് പഠിച്ചത്.
വൈക്കം വിശ്വന് :- കുട്ടികളെ വളര്ത്തിക്കൊണ്ടുവരുന്നതിലൊന്നും എന്റെ ഭാഗത്തു നിന്ന് വലിയ പങ്കില്ല. അത്തരത്തിലുള്ള ഉത്തരവാദിത്വങ്ങളൊന്നും ഏറ്റെടുക്കാന്‍ പറ്റിയിട്ടില്ല. അതൊക്കെ ഗീത തന്നെയാണ് ഭംഗിയായി ചെയ്തത്. മക്കളൊക്കെ വലുതായി അവരുടെ ജീവിതവും ജോലിയും നോക്കി പോയി. എങ്കിലും ഗീത ഒരാളാണ് ഇപ്പോഴും ഞാനെന്ന വ്യക്തിയെ ഇങ്ങനെ നിലനിര്‍ത്തുന്നതിന് കാരണം.
ഗീത വിശ്വന്ഃ- വിശ്വന് ചേട്ടന് ഒരുകാര്യത്തിലും ഒരു നിര്‍ബന്ധവുമില്ല. അതിപ്പോ, ഭക്ഷണത്തിലായാലും. ഞാനുണ്ടാക്കുന്നതെല്ലാം ഇഷ്ടമാണ്. മക്കളും കൊച്ചുമക്കളും കൂടെയില്ലാത്തതിന്റെ വിഷമമുണ്ട് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും.
പുസ്തകത്താളുകള്‍ പകര്‍ത്തിയ ജീവിതം
വൈക്കം വിശ്വനെന്ന രാഷ്ട്രീയ രംഗത്തെ അതികായന്റെ ജീവിതം പുസ്തകത്താളുകളിലൊതുങ്ങാനാവാത്തതാണ്. അദ്ദേഹത്തിന്റെ ത്യഗസുരഭിലവും കറകളഞ്ഞതുമായ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കി രചിച്ച കനല് വഴികള്‍, ജീവിതംകൊണ്ട് ചരിത്രമെഴുതിയ നേതാവ് എന്നീ പുസ്തകങ്ങളാണ് പ്രകാശിപ്പിച്ചത്.
മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരുമായ സനല്‍ പി തോമസും ഗീതാബക്ഷിയും രചിച്ച പുസ്തകങ്ങള്‍ എം.എം ലോറന്‍സിനും പ്രൊ. വി. ആര് ഓമനക്കുട്ടനും നല്കി പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണ് പ്രകാശനം ചെയ്തത്.
ഷെറിങ്ങ് പവിത്രന്