
തങ്ങളുടെ ആദ്യ ബിഎസ് 6 സ്കൂട്ടര്‍ ഹീറോ മോട്ടോകോര്‍പ്പ് വിപണിയിലെത്തിച്ചു. 2020 മോഡല്‍ പ്ലെഷര്‍ പ്ലസ് സ്കൂട്ടറിന്റെ സ്റ്റീല്‍ വീല്‍ വേരിയന്റിന് 54,800 രൂപയും അലോയ് വീല്‍ വേരിയന്റിന് 56,800 രൂപയുമാണ് ഡെല്‍ഹി എക്സ് ഷോറൂം വില. ബിഎസ് 4 മോഡലിനേക്കാള്‍ ഏകദേശം 1,500 രൂപ കൂടുതലാണ് ബിഎസ് 6ന് .
മുമ്പ് ബിഎസ് 4 മോഡല്‍ ഉപയോഗിച്ചിരുന്ന കാര്‍ബുറേറ്ററിന് പകരം ഹീറോയുടെ പ്രോഗ്രാമ്ഡ് ഫ്യൂവല്‍ ഇന്ജെക്ഷന് സംവിധാനം നല്കി. പരിഷ്കരിച്ച എന്ജിന് പത്ത് ശതമാനം അധികം ഇന്ധനക്ഷമതയും മികച്ച ആക്സെലറേഷനും നല്‍കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് അവകാശപ്പെട്ടു. ബിഎസ് 6 ലും 110 സിസി എന്ജിന് 8 ബിഎച്ച്പി കരുത്തും 8.7 എന്‍എം ടോര്‍ക്കും തന്നെ ഉല്‍പ്പാദിപ്പിക്കും. 2019 മെയ് മാസത്തില്‍ സ്കൂട്ടറിന്റെ സ്റ്റൈലിംഗ് പരിഷ്കരിച്ചിരുന്നു. എങ്കിലും പുതുതായി ഇപ്പോൾ ഹെഡ്ലാംപിന് ക്രോം ചുറ്റ്, (അലോയ് വീല്‍ വേരിയന്റിന്), വശങ്ങളില് ക്രോം, ക്രോമില്‍ തീര്‍ത്ത 3ഡി ലോഗോ എന്നിവ നല്കിയിരിക്കുന്നു.
ഹോണ്ട ആക്റ്റിവ 6ജി, ടിവിഎസ് ജൂപ്പിറ്റര്‍ 110 എന്നിവയാണ് എതിരാളികള്‍. ഹീറോ പ്ലെഷര്‍ പ്ലസിൽ 10 ഇഞ്ച് വ്യാസമുള്ള ചക്രങ്ങളിലാണ് ഉള്ളത്. മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്പെന്ഷന് നിര്‍വഹിക്കും. മുന്‍, പിന് ചക്രങ്ങളില്‍ ഡ്രം ബ്രേക്ക് നല്കി. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം സുരക്ഷാ ഫീച്ചറാണ്.






