
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന 'സൂരറൈ പോട്ര് '. ആക്ഷന്‍ എന്റര്‍ടൈനറായ ഈ ചിത്രം തമിഴ് കൂടാതെ കന്നട ഭാഷയിലും മൊഴി മാറ്റം ചെയ്ത് റിലീസ് ചെയ്യുമെന്നതാണ് പുതിയ വാര്‍ത്ത. വളരെ കാലത്തിനു ശേഷമാണ് ഒരു തമിഴ് ചിത്രം കാന്നടത്തിലേക്ക് മൊഴി മാറ്റം ചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. ചിത്രത്തിന്റെ കന്നട പോസ്റ്ററും നിര്‍മ്മാതാക്കള്‍ ട്വിറ്ററിലൂടെ പങ്കു വെച്ചു. മധ്യ വേനല്‍ അവധി കാലത്താണ് സിനിമയുടെ റിലീസ് .
എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര് ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് 'സൂരറൈ പോട്ര് ' അണിയിച്ചൊരുക്കുന്നത്. വിമാന കമ്പനി സ്ഥാപിക്കാന്‍ അദ്ദേഹം നടത്തിയ കഠിന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.മലയാളി താരം അപര്‍ണ മുരളിയാണ് നായിക.
ജാക്കി ഷറഫ്, മോഹന്‍ ബാബു, കരുണാസ് , പരേഷ് റാവല്‍, ഉര്‍വ്വശി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനതാക്കള്‍. നികേത് ബോമ്മി റെഡ്ഡിയാണ് ക്യാമറാ. ജി.വി പ്രകാശാണ് സംഗീത സംവിധായകന്. 2ഡി എന്റര്ടൈന്മെന്റ്സും സീഖ്യാ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. രാജശേഖര്‍ കര്‍പ്പൂര പാണ്ഡ്യനാണ് 'സൂരറൈ പോട്രി'ന്റെ സഹ നിര്‍മ്മാതാവ്.






