
ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട തങ്ങളുടെ ഡിയോയുടെ പരിഷ്കരിച്ച വകഭേദത്തെ ഉടന്‍ വിപണിയിലെത്തിക്കും. 2020 ഡിയോയുടെ വരവ് വ്യക്തമാക്കി ഒരു ടീസര്‍ വീഡിയോ ഹോണ്ട ടു വീലേഴ്സ് ഇന്ത്യ പുറത്തുവിട്ടു. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് മോഡലുകള്‍ക്ക് യഥാക്രമം 58,492, 60,507 എന്നിങ്ങനെയാണ് ഇപ്പോഴുള്ള ഹോണ്ട ഡിയോയ്ക്ക് കൊച്ചിയില്‍ എക്സ്-ഷോറൂം വില. ഏകദേശം 8,000 രൂപ പുത്തന്‍ മോഡലിന് വര്‍ദ്ധിക്കാനാണ് സാദ്ധ്യത.
16 സെക്കന്റ് മാത്രമുള്ള ടീസര്‍ 2020 ഡിയോയ്ക്ക് കൂടുതല്‍ സ്പോര്‍ട്ടി ഡിസൈന്‍ ലഭിക്കും എന്ന് വ്യക്തമാകുന്നു. കൂടുതല്‍ മസ്കുലാര്‍ ആയ എപ്രോണ് ആണ് പുത്തന്‍ ഡിയോയ്ക്ക്. ഹാന്‍ഡില്‍ ബാറിലെ ബോഡി പാനലില്‍ ഘടിപ്പിച്ചിരുന്ന എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പുകള്‍ക്ക് സ്ഥാനമാറ്റം സംഭവിച്ചിട്ടില്ല. എന്നാല്‍ ഡിസൈനില്‍ ചെറിയ മാറ്റമുണ്ട്. എല്‍ഇഡി ഹെഡ്ലാംപുകളാണ് 2020 ഹോണ്ട ഡിയോയില്‍. കാര്‍ബുറേറ്ററിനു പകരം ഫ്യുവല്‍ ഇന്ജെക്ഷന് സാങ്കേതിക വിദ്യ കൂട്ടിച്ചേര്‍ത്തു ബിഎസ്6 നിയമങ്ങള്‍ക്കനുസരിച്ചു പരിഷ്കരിച്ച് 2020 ആക്ടിവയില്‍ എത്തിയ 109.19 സിസി സിംഗിള്‍-സിലിണ്ടര്‍ എന്ജിന് തന്നെയായിരിക്കും പുത്തന്‍ ഡിയോയുടെയും ഹൃദയം.
ആക്ടിവയിലേതിന് സമാനമായി 8,000 ആര്‍പിഎമ്മില്‍ 7.68 ബിഎച്ച്പി പവറും 5,250 ആര്‍പിഎമ്മില്‍ 8.79 എന്‍എം ടോര്‍ക്കുമാണ് ഈ എന്ജിന് ഡിയോയിലും നിര്‍മിക്കുക. പരിഷ്കാരങ്ങളുടെ ഭാഗമായി ഈ എന്ജിന് ഇന്ധനക്ഷമത കൂടിയിട്ടുണ്ട് എന്ന് ഹോണ്ട അവകാശപ്പെടുന്നു. DX എന്ന ഉയര്‍ന്ന വേരിയന്റ് ആണ് ടീസര്‍ വിഡിയോയില്‍. ഫീച്ചറുകള്‍ കുറഞ്ഞ സ്റ്റാന്‍ഡേര്‍ഡ് വേര്‍ഷനിലും 2020 ഡിയോ വിപണിയിലെത്തുമെന്നാണ് സൂചന.






