
ശ്രീനഗര്‍ : കഴിഞ്ഞ ആറു മാസമായി തടവില്‍ കഴിയുന്ന മെഹ്ബൂബ മുഫ്തിയുമായി മകള്‍ ഇല്‍തിജ മുഫ്തി ആശയവിനിമയം നടത്തിയത് എങ്ങനെ...? ഇക്കാര്യം ഇപ്പോഴിതാ പുറത്തു വന്നിരിക്കുന്നു.
കത്ത് ചെറുതായി മടക്കിയെടുത്ത് ചപ്പാത്തിക്കുള്ളില് ഉരുട്ടി ഉച്ചഭക്ഷണ ബോക്സില്‍ ഒളിപ്പിച്ചാണ് മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി മകളുമായി ആശയവിനിമയം നടത്തിയിരിക്കുന്നത്. മെഹബൂബ മുഫ്തിയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇല്‍തിജ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ മെഹബൂബ മുഫ്തിയുടെ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് മകള്‍ ഇല്‍തിജയാണ്.
ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്ന 370 വകുപ്പ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലായി വിഭജിക്കുകയും ചെയ്ത ഓഗസ്റ്റ് അഞ്ച് മുതല്‍ മെഹബൂബ മുഫ്തി കസ്റ്റഡിയിലാണ്.
അവരെ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്ത ആഴ്ച ഞാന്‍ ഒരിക്കലും മറക്കില്ല. അവരുടെ പക്കല്‍നിന്ന് ഒരു കുറിപ്പ് ലഭിക്കും വരെയുള്ള ദിവസങ്ങള്‍ ഉത്കണ്ഠ നിറഞ്ഞതായിരുന്നു. അവര്‍ക്കായി വീട്ടില്‍ നിന്ന് പാചകം ചെയ്ത് കൊടുത്തുവിട്ട ഉച്ചഭക്ഷണ പാത്രത്തിലായിരുന്നു അതെന്നും ഇല്‍തിജ ട്വിറ്ററില്‍ കുറിച്ചു. മുത്തശ്ശിയാണ് ഈ വഴി കണ്ടെത്തിയത്. എഴുതിയ കത്ത് ചെറുതായി മടക്കി ശ്രദ്ധാപൂര്‍വം ഉരുട്ടി ഒരു ചപ്പാത്തിക്കുള്ളില് വെച്ച് ഉച്ചഭക്ഷണ പാത്രത്തിലാക്കി.






