
ദിലീപ് നാദിര്‍ഷ ടീം ഒന്നിക്കുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്. വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ദിലീപിന്റെ ജോഡിയായി ഉര്‍വശിയാണ് ചിത്രത്തില്‍ എത്തുന്നത്. ഇരുവരും ഒന്നിച്ചുള്ള ആദ്യ സിനിമയാണിത്. പേസ്റ്റില്‍ ദിലീപും, ഉര്‍വശിയും അവരുടെ മക്കളായി വൈഷ്ണവിയും, നസ്ലിനും ഉണ്ട്.
കേശു എന്ന് പേരുള്ള ഡ്രൈവിങ് സ്കൂള്‍ നടത്തുന്നയാളയാണ് ചിത്രത്തില്‍ ദിലീപ്. ദിലീപിന്റെ ഭാര്യയായിട്ടാണ് ഉര്‍വശി എത്തുന്നത്. മക്കളായി അഭിനയിക്കുന്ന വൈഷ്ണവി ജൂണില്‍ അഭിനയിച്ചിട്ടുണ്ട്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് നസ്ലന്.
സിനിമയെ കുറിച്ച് നാദിര്‍ഷ പറയുന്നത് ഇങ്ങനെ ; മൂന്ന് പെങ്ങന്മാരും അളിയന്മാരും നിറഞ്ഞ വീട്ടിലാണ് കേശു താമസിക്കുന്നത്. സലീം കുമാര്‍, ഷാജോണ്‍, കോട്ടയം നസീര്‍ എന്നിവരാണ് ചിത്രത്തിലെ അളിയന്മാര്. ഇപ്പോള്‍ ഇറങ്ങുന്ന ചിത്രങ്ങളില്‍ കുടുംബ ബന്ധങ്ങളുടെ കഥ വളരെ കുറവാണ്. കുടുംബ പശ്ചാത്തലത്തില്‍ നര്‍മ്മത്തില്‍ ചാലിച്ച കഥയാണ് ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നത്. കൊച്ചി, പളനി, രാമേശ്വരം, കാശി എന്നിവടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. തൊണ്ടി മുതലും ദൃക്സാക്ഷികളും എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിനും തിരക്കഥ എഴുതുന്നത്. ഹരിനാരായണന്, ജ്യോതിഷ് എന്നിവരുടെ വരികള്‍ക്ക് ഞാന്‍ തന്നെയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അനില്‍ നായരാണ് ഛായാഗ്രഹണം. കേശു ഈ വീടിന്റെ നാഥന് എന്ന ചിത്രം തമാശകള്‍ നിറഞ്ഞ ഒരു കുടുംബ ചിത്രമായി ഒരുക്കാനാണ് ഞങ്ങള്‍ക്കെല്ലാം ആഗ്രഹം.






