Authored by Web Desk | Last updated: 10 Feb 2020, 10:12 AM | 6 min read
''കേരള സാഹിത്യ അക്കാദമിയുടെ മികച്ച യാത്രാവിവരണത്തിനുള്ള അവാര്‍ഡ് ജേതാവായ ബൈജു എന്‍.നായരുടെ യാത്രകളിലൂടെ...''
കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളേയും വാഹനപ്രിയരാക്കി മാറ്റുന്നതില്‍ പങ്കുവഹിച്ച, മലയാള ഓട്ടോമൊബൈല്‍ ജേര്‍ണലിസത്തിന്റെ പിതാവ്, ഇന്ത്യയില്‍ നിന്ന് റോഡ് മാര്‍ഗം ലണ്ടനിലെത്തുന്ന ആദ്യ വ്യക്തി എന്നീ നേട്ടങ്ങളെല്ലാം ബൈജു എന്‍ നായര്‍ക്ക് സ്വന്തം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നൊരു പൊന്‍തൂവല്‍കൂടി ആ യാത്രാസ്നേഹിയുടെ കിരീടത്തില്‍ വന്നു ചേര്‍ന്നിരിക്കുന്നു.
ജീവിതത്തില്‍ ദുര്‍ഘട വഴികളിലൂടെ ആത്മവിശ്വാസം കൈമുതലാക്കി സ്മാര്‍ട്ടായി ഡ്രൈവ് ചെയ്ത് മുന്നോട്ട് കുതിക്കുകയാണ് അദ്ദേഹം. പ്രാദേശിക ഭാഷകളിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ മാസിക എന്ന ആശയവും ബൈജുവിന്റേതാണ്. സ്മാര്‍ട്ട് ഡ്രൈവ് മാഗസിന്റെ ചീഫ് എഡിറ്ററായി ലോകം ചുറ്റി സഞ്ചരിക്കുന്ന ബൈജുവിന്റെ ജീവിത വഴിത്താരയിലൂടെ.
ജനപ്രിയ അംഗീകാരം
വര്‍ഷങ്ങള്‍ക്കുമുമ്പ് മലയാള സിനിമയില്‍ മികച്ച ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നത് അടൂര്‍ ഗോപാലകൃഷ്ണന്റെ സിനിമകള്ക്കായിരുന്നെങ്കില് ഇന്നത് സുരാജ് വെഞ്ഞാറമ്മൂട് പോലെയുള്ളവര്‍ നായകന്മാരായ സിനിമകള്‍ക്കാണ്. അതുപോലെ തന്നെയാണ് എനിക്ക് കിട്ടിയ സാഹിത്യ അക്കാദമി അവാര്‍ഡും. മുമ്പ് സാഹിത്യ ആചാര്യന്മാര്ക്ക് ലഭിച്ചിരുന്ന അവാര്‍ഡാണിത്. ആ സങ്കല്‍പ്പം പൊളിച്ചെഴുതാന്‍ കഴിഞ്ഞു എന്നാണ് എന്റെ സഹപാഠി കൂടിയായ കഥാകൃത്ത് ഉണ്ണി ആര് പറഞ്ഞത്.
എഴുത്തുകാരന് എന്ന് അംഗീകരിക്കപ്പെടുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. യാത്രാവിവരണത്തിനാണ് അവാര്‍ഡ് എന്നത് ആ സന്തോഷം ഇരട്ടിയാക്കുന്നു. ഇനിയും യാത്ര ചെയ്യാനും അനുഭവങ്ങള്‍ എഴുതാനും ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. അതിനുള്ള പ്രോത്സാഹനമായിട്ടാണ് ഈ അംഗീകാരത്തെ കാണുന്നത്.
എസ്.കെ പൊറ്റക്കാട് പോലെയുള്ള സാഹിത്യ പ്രതിഭകളുടെ ചുവടുപിടിച്ചാണ് ഞാനും എഴുതുന്നത്. ആദ്യമായി ബാലിയില്‍ പോയപ്പോള്‍ ബാലിദ്വീപിനെക്കുറിച്ച് ഓര്‍ത്തുകൊണ്ട,് അദ്ദേഹത്തിന് സമര്‍പ്പിച്ചുകൊണ്ടാണ് എഴുതിയത്. എന്റെ ബാലി യാത്രാവിവരണത്തില്‍ ബാലിദ്വീപ് എന്ന പുസ്തകത്തില്‍ നിന്നുള്ള വാചകങ്ങള്‍കൂടി ചേര്‍ത്തുകൊണ്ടാണ് എഴുതിയത്.
എസ്.കെ കഴിഞ്ഞാല്‍ സക്കറിയയുടെ ശൈലിയാണ് കൂടുതലിഷ്ടം. അദ്ദേഹത്തിന്റെ ആഫ്രിക്കന്‍ യാത്ര എന്ന പുസ്തകവും ഏറെ പ്രിയപ്പെട്ടതാണ്. ആ സ്നേഹം കൊണ്ടാണ് ലണ്ടനിലേക്ക് ഒരു റോഡ് യാത്ര എന്ന പുസ്തകത്തില്‍ അദ്ദേഹത്തെകൊണ്ട് അവതാരിക എഴുതിച്ചത്. അവാര്‍ഡ് വിവരം വിളിച്ച് പറഞ്ഞപ്പോഴും ബൈജു ഈ അംഗീകാരം അര്‍ഹിക്കുന്നു എന്നാണദ്ദേഹം പറഞ്ഞത്. ഓട്ടോമൊബൈല്‍, യാത്രഅനുഭവങ്ങള്‍ ഇതൊക്കെ എഴുതുമെങ്കിലും ഇനി ഞാനൊരു എഴുത്തുകാരന് കൂടിയാണെന്ന് സമൂഹം വിലയിരുത്തുമെന്നാണ് വിചാരിക്കുന്നത്.
ഓട്ടോ ജേര്‍ണലിസം
യാത്ര ഇഷ്ടപ്പെടുന്നതുപോലെ വണ്ടികളേയും ഇഷ്ടമായിരുന്നു എന്നല്ലാതെ വാഹനങ്ങളെക്കുറിച്ച് കാര്യമായ അറിവൊന്നുമുണ്ടായിരുന്നില്ല. മാതൃഭൂമി ഡസ്കില്‍ സാദാ ലോക്കല്‍ പേജ് ചെയ്തിരുന്ന സമയത്താണ് ഓട്ടോമൊബൈല്‍ കോളം ആരംഭിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച വന്നത്. ഞാന്‍ അക്കാലത്ത് കോട്ടയത്താണ്. ന്യൂസ് എഡിറ്റര്‍ ടി.ആര്. രാമചന്ദ്രന് സാര്‍ ടോപ് ഗിയര്‍ എന്ന വാഹന കോളം ചെയ്യാമോ എന്ന് എന്നോട് ചോദിച്ചു. നോക്കാമെന്ന് ഞാനും പറഞ്ഞു. അങ്ങനെ മാതൃഭൂമിയില്‍ ഓട്ടോമൊബൈല്‍ കോളം എഴുതി തുടങ്ങി.
കോളം തുടങ്ങിയപ്പോള്‍ നേരിട്ട വെല്ലുവിളി ഇതിനൊരു ഭാഷയുണ്ടാക്കുകയെന്നതാണ്. കാരണം, ഓട്ടോമൊബൈലുമായി ബന്ധപ്പെട്ട് ഒരുവാക്കും മലയാളത്തിലില്ല. മുഴുവന്‍ ഇംഗ്ലീഷ്. എഴുതുമ്പോള്‍ ഇംഗ്ലീഷ് വാക്കുകള്‍ ഉപയോഗിച്ചാല്‍ എഴുത്തിന്റേയും വായനയുടേയും ഒഴുക്ക് പോകും.ഡ്രൈ വിഷയമായതുകൊണ്ട് ഞാന്‍ എഴുത്തില്‍ എന്റേതായൊരു ശൈലി കൊണ്ടുവന്നു. അതിന്റെ ഭാഗമായി, വണ്ടികളെ സിനിമാതാരങ്ങളോടും മറ്റും പല രീതിയില്‍ വര്‍ണിക്കാന്‍ തുടങ്ങി.നീണ്ട് ഇടംപെട്ട മിഴികള്‍ പോലെ ഹെഡ്ലൈറ്റുകള് എന്നൊക്കെ എഴുതിത്തുടങ്ങി. എയറോഡൈനാമിക് എന്നത് മലയാളീകരിച്ച് എയ്റോഡൈനാമികത എന്നിങ്ങനെ കുറേയേറെ വാക്കുകള്‍ പരീക്ഷിച്ചു. പലപ്പോഴും ആഴത്തിലുള്ള വായനയാണ് ഇത്തരത്തില്‍ വ്യത്യസ്തമായ ശൈലികൊണ്ടുവരാന് സഹായിച്ചത്.
ജര്‍മ്മനിയില്‍ ചെല്ലുമ്പോള്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ വരുന്നത് ഫോക്സ് വാഗണ്‍ ബീറ്റില്‍ ആണെന്നും ആ വാഹനം കാണുന്നതേയിഷ്ടമല്ലെന്നും നിത്യ ചൈതന്യയതി എഴുതിയിട്ടുണ്ട്. അങ്ങനെ പറഞ്ഞുകൊണ്ടാണ് ബീറ്റിലിനെപ്പറ്റി സ്റ്റോറി എഴുതിയത്.അത്തരത്തില്‍ വ്യത്യസ്തമായി എഴുതുമ്പോള്‍ ആരായാലും വായിച്ചുപോകും എന്നാണ് എന്റെ അനുഭവം. അങ്ങനെ സ്പൈസിയായി എഴുതിയാണ് ആ കോളം ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.
അന്നൊന്നും മലയാളത്തില്‍ ഓട്ടോമൊബൈല്‍ മാഗസിനൊന്നും ഉണ്ടായിരുന്നില്ല. ഒരു ഓട്ടോമൊബൈല്‍ മാഗസിനെന്ന ആശയം ഞാന്‍ മാനേജ്മെന്റിനോട് പറഞ്ഞു. പക്ഷേ അന്നത് നടന്നില്ല. അങ്ങനെയാണ് മാതൃഭൂമിയില്‍ നിന്ന് രാജിവച്ച് ടോപ് ഗിയര്‍ എന്ന മാഗസിന് തുടങ്ങുന്നത്. പ്രാദേശിക ഭാഷയിലെ ആദ്യ ഓട്ടോമൊബൈല്‍ മാസികയായിരുന്നു അത്. പക്ഷേ ചില പ്രശ്നങ്ങളാല്‍ ടോപ് ഗിയര്‍ മാഗസിന് നിലച്ചുപോയി. പിന്നീട് വിഷ്വല്‍ മീഡിയയിലേക്ക് കടന്നു. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ചാനല്‍ പ്രോഗ്രാം ചെയ്തത് ഞാനാണ്. കമ്മാര സംഭവത്തിന്റെ സംവിധായകനായ രതീഷ് അമ്പാട്ടാണ് സംവിധാനം ചെയ്തത്. സൂര്യ ടിവിയില്‍ നാല് എപ്പിസോഡ് ടെലികാസ്റ്റും ചെയ്തു. ആ സമയത്ത് എല്ലാ ആഴ്ചയിലും ഷൂട്ട് ചെയ്യാനായി പുതിയ മോഡല്‍ വണ്ടികള്‍ ലഭ്യമായിരുന്നില്ല. അങ്ങനെ ആ പരിപാടി നിന്നു.
ലോകം വിളിക്കുന്നു
വാഹനങ്ങളേക്കാള്‍ യാത്രകളോടാണെനിക്കെന്നും ഇഷ്ടം. എന്റെ അച്ഛനും അമ്മയും വളരെ യാത്രാ താല്പര്യമുള്ളവരാണ്. അവര്‍ക്ക് ഇലക്ട്രിസിറ്റി ബോര്‍ഡിലായിരുന്നു ജോലി. എല്ലാ വെക്കേഷനും ഞങ്ങള്‍ യാത്ര പോകുമായിരുന്നു. ഡിഗ്രി ഫസ്റ്റ് ഇയറില്‍ ഫസ്റ്റ്ക്ലാസ് കിട്ടിയപ്പോള്‍ എനിക്കൊരു ബൈക്ക് വാങ്ങി തന്നു. പിന്നെ കൂട്ടുകാര്‍ക്കൊപ്പം ബൈക്കിലായി കറക്കം. പിജി പരീക്ഷ എഴുതി ഇരിക്കുന്ന സമയത്താണ് മാതൃഭൂമിയില്‍ ജോലി കിട്ടിയത്. അതോടെ ദൂരെ സ്ഥലങ്ങളിലേക്ക് ബൈക്ക് യാത്ര പോകാന്‍ തുടങ്ങി. പിന്നെ കാറെടുത്തതോടെ അതിലായി യാത്രകള്‍.
മാതൃഭൂമിയില്‍ ജോലി ചെയ്യുന്ന സമയത്താണ് ഞാനാദ്യമായി ഒരു യാത്രാവിവരണമെഴുതുന്നത്. ഡല്‍ഹിയിലെ ഓട്ടോഷോയില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് മഞ്ഞ് കാണണമെന്ന് തോന്നുന്നത്. മഞ്ഞുകാണുക എന്നതെന്റെ ജീവിതാഭിലാഷമായിരുന്നു. മഞ്ഞുമായി ബന്ധമുള്ള പേരുകളുള്ള സിനിമകള്‍ വരെ പോയി കാണുമായിരുന്നു. അത്രയ്ക്കുണ്ട് മഞ്ഞിനോടുള്ള പ്രേമം. അങ്ങനെ ഡല്‍ഹിയില്‍ നിന്ന് രാത്രിയില്‍ മണാലിയിലേക്ക് ബസ് കയറി. കണ്ണു തുറക്കുമ്പോള്‍ ഞാന്‍ കാണാനാഗ്രഹിച്ച കാഴ്ച എന്റെ കണ്മുമ്പില്, മഞ്ഞു പുതപ്പിന്റെ താഴ്വര.
ഉടനെ ബസില്‍ നിന്ന് ചാടിയിറങ്ങി, മഞ്ഞുവാരിയെടുത്തു. ഓര്‍ക്കുമ്പോള്‍ ഇപ്പോഴുമുണ്ടാ കുളിര്. അതൊരു യാത്രാവിവരണമാക്കി പത്രത്തില്‍ എഴുതി. അതാണ് ആദ്യ യാത്രാവിവരണം.ടോപ് ഗിയര്‍ തുടങ്ങിയത് മുതല്‍ തന്നെ ഏതെങ്കിലുമൊരു ഡെസ്റ്റിനേഷനിലേക്ക് ഒരു വണ്ടിയെടുത്ത് പോകുമായിരുന്നു. ജോലി ചെയ്യുന്നതിനിടയിലും യാത്രകള്‍ മുടക്കിയിട്ടില്ല. ടോപ് ഗിയറില്‍ ട്രാവല്‍ കോളങ്ങള്‍ ഉള്‍പ്പെടുത്തി. ആ സമയത്ത് തന്നെ ഇന്ത്യയൊട്ടാകെ സഞ്ചരിച്ച് യാത്രവിവരണങ്ങളെഴുതുന്നുണ്ടായിരുന്നു. അതിനുശേഷമാണ് വിദേശയാത്രകള്‍ ആരംഭിക്കുന്നത്.
ആദ്യത്തെ വിദേശയാത്ര തായ്ലന്ഡിലേക്കായിരുന്നെങ്കിലും ആദ്യമായി കാലു കുത്തുന്ന വിദേശ രാജ്യം ശ്രീലങ്കയാണ്. 2006 ല്‍ ആണത്. ആദ്യത്തെ ശ്രീലങ്കന്‍ യാത്ര കൊണ്ടുതന്നെ എന്റെ ജീവിതത്തില്‍ വലിയൊരുമാറ്റം വന്നിരുന്നു. ആ യാത്രയ്ക്കുശേഷം ഞാന്‍ ആരെങ്കിലും റോഡ് ക്രോസ്ചെയ്യാന് നില്‍ക്കുന്നത് കണ്ടാല്‍ അപ്പോള്‍ വണ്ടി നിര്‍ത്തും. ശ്രീലങ്ക എന്ന കുഞ്ഞു രാജ്യത്തെ ഒരു രാത്രി എന്നെ പഠിപ്പിച്ച കാര്യമാണത്. കഴിഞ്ഞ 13 വര്‍ഷങ്ങള്‍ക്കിടയില്‍ 101 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇപ്പോള്‍ രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ പുതിയൊരു രാജ്യത്ത് പോകും.
ലണ്ടനിലേക്ക്
ഭൂട്ടാന്, നേപ്പാള്‍, മലേഷ്യ, സിംഗപ്പൂര്‍, തായ്ലന്ഡ്, കംബോഡിയ, 15 യൂറോപ്യന്‍ രാജ്യങ്ങള്‍ അങ്ങനെ ഒരുപാട് രാജ്യങ്ങളിലൂടെ വണ്ടിയോടിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെ സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്കൊപ്പം കൊച്ചിയില്‍ നിന്ന് സൈബീരിയയിലേക്ക് വണ്ടിയോടിച്ച് പോകാന്‍ പ്ലാനിട്ടു. തിരക്കുമൂലം നടന്നില്ല. അതിനുശേഷമാണ് സുരേഷ് ജോസഫിനെ പരിചയപ്പെടുന്നത്. അദ്ദേഹം ലണ്ടനിലേക്ക് ഒരു ഡ്രൈവ് പ്ലാന്‍ ചെയ്യുന്നുണ്ടെന്നും ഒപ്പംകൂടുന്നോ എന്നും ചോദിച്ചു. എന്റെ ഉത്തരം യെസ് എന്നായതില്‍ അത്ഭുതമില്ലല്ലോ.
തിരിച്ചുപോരാനായിരുന്നു എന്റെ തീരുമാനം. പക്ഷേ യാത്ര പൂര്‍ത്തിയാക്കാന്‍ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചു. അതോടെ ബസില്‍ യാത്ര തുടര്‍ന്നു. അവരെത്തുന്നതിന് നാല് ദിവസം മുമ്പ് ഞാന്‍ ലണ്ടനിലെത്തി. എന്റെ യാത്ര റെക്കോര്ഡാക്കാന് തോന്നിയില്ല. അതുകൊണ്ടുതന്നെ റെക്കോഡിനുവേണ്ടിയുള്ള കാര്യങ്ങളൊന്നും ചെയ്തുമില്ല. ഒറ്റയ്ക്കുള്ള ആ യാത്ര എനിക്ക് മറക്കാനാവാത്ത അനുഭവമായിരുന്നു. ഞാന്‍ വായിച്ചറിഞ്ഞ, കാണാനാഗ്രഹിച്ച പല സ്ഥലങ്ങളും സന്ദര്‍ശിച്ചു. ഓരോസ്ഥലത്തെത്തിയപ്പോഴും എന്റെ യാത്രയെക്കുറിച്ചറിഞ്ഞ വിദേശ മലയാളികള്‍ സഹായത്തിനെത്തി. വിദേശമലയാളികളുടെ സ്നേഹം മനസിലാക്കാന്‍ ആ യാത്ര സഹായിച്ചു. അവരോടുള്ള സ്നേഹം ഇന്നും നിലനിര്‍ത്തുന്നു.
വാഹനവും യാത്രകളും
വണ്ടിയാണോ യാത്രയാണോ ഇഷ്ടമെന്ന് ചോദിച്ചാല്‍ യാത്രയാണ് എന്നാണ് എന്റെ മറുപടി. ഒരുമാതിരിപ്പെട്ട എല്ലാ വണ്ടിയും ഓടിച്ചു കഴിഞ്ഞു. 80 രാജ്യങ്ങളിലായി 6000 ലേറെ വാഹനങ്ങള്‍ ടെസ്റ്റ് ഡ്രൈവ് ചെയ്തു. ഏറ്റവും വേഗതയേറിയ കാറായ ബ്യുഗാട്ടി വെയ്റോണ്‍ വരെയുണ്ട് അതില്‍. ഇതിനപ്പുറത്തേക്ക് ഇനി ഏത് കാര്‍ ഓടിച്ചാലും ഇതിലപ്പുറം എക്സൈറ്റിങ് ആയി തോന്നാറില്ല.
എന്നാല്‍ യാത്ര അങ്ങനെയല്ല. ഓരോ സ്ഥലവും ഓരോ യാത്രയും ആവേശം തരുന്നതാണ്. മലയാള സാഹിത്യം പഠിച്ചയാളാണ് ഞാന്‍. ചെറുപ്പത്തില്‍ വാഹനകളിപ്പാട്ടങ്ങളോട് പതിവില്‍ കവിഞ്ഞ താല്പര്യമുണ്ടായിരുന്ന കുട്ടിയുമല്ല. ഒരുകയറ്റത്തിലാണ് എന്റെ വീടിരുന്നത്. ബസ് കയറ്റം കയറി വരുന്ന ശബ്ദം കേട്ട് അതേത് ബസാണെന്ന് ഞാന്‍ തിരിച്ചറിയുമായിരുന്നു. ആദ്യമായി ഹെഡ് റെസ്റ്റ് വച്ചത് ബിന്ദു എന്ന ബസിലാണ്. ഞാന്‍ മറവിക്കാരനാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. പിന്നീട് ഇതൊക്കെ എഴുതിയത് വായിക്കുമ്പോള്‍,നീയിതൊക്കെ എങ്ങനെ ഓര്‍ത്തിരിക്കുന്നു?''വെന്ന് പലരുംചോദിക്കാറുണ്ട്. അതൊക്കെ വണ്ടിയോടുള്ള താല്പര്യമായിട്ടാണ് തിരിച്ചറിയുന്നത്.
പരാജയങ്ങളില്‍ പതറാതെ
ദൈവാധീനം ഉള്ള ആളാണ് ഞാന്‍, വിശ്വാസിയുമാണ്. പ്രതിസന്ധികളൊരുപാട് ജീവിതത്തിലുണ്ടായെങ്കിലും അതെല്ലാം എന്നെ കടന്നുപോയി. ഞാനെപ്പോഴും പോസിറ്റീവായി ചിന്തിക്കുന്ന വ്യക്തിയാണ്. മനസിന് വിഷമമുണ്ടായാലും പുറത്തുകാണിക്കില്ല. പരാജയങ്ങളിലും വീഴ്ചകളിലും കൈപിടിച്ചുയര്‍ത്താന്‍ എനിക്കുനേരെ ഒരുപാട് കരങ്ങള്‍ നീണ്ടുവന്നിട്ടുണ്ട്. ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥത കാണിച്ചാല്‍ ഒരിക്കലും പരാജയപ്പെടില്ല എന്നതാണ് എന്റെ തിയറി.
പുലിമടയില്‍
മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന വലിയ കിണറാണ് കറ്റക്കോമ്പ്. താഴ്ചയുള്ള കിണറാണെന്നും എനിക്കത് പേടിയാണെന്നതൊന്നുമോര്ക്കാതെ ഒരാവേശത്തിനിറങ്ങി. കുറച്ചുദൂരം പിന്നിട്ടപ്പോഴാണ് എന്റെ പേടിയെക്കുറിച്ച് ബോധവാനാകുന്നത്. തിരിച്ചുകയറാന്‍ ശ്രമിച്ചപ്പോഴാണ് മനസിലാക്കുന്നത്, വഴി തെറ്റിയെന്ന്. പലവഴിക്ക് ഓടിയെങ്കിലും ചെന്നെത്തുന്നത് ഒരുപോലെയുള്ള ഏതെങ്കിലും മുറിയില്‍. അപ്പോഴാണ് ആരൊക്കെയോ വരുന്ന ശബ്ദം കേള്‍ക്കുന്നത്.
ശബ്ദംകേട്ട ദിക്കിലേക്ക് ഓടിചെന്നപ്പോള്‍ ഒരു സ്ത്രീയെ കണ്ടു. എന്നെ കണ്ടതും അവര്‍ പേടിച്ചലറി തിരിച്ചോടി. ആ ഓട്ടം അവസാനിച്ചത് ജര്‍മ്മിനിയില്‍ നിന്നുള്ള സഞ്ചാരികള്‍ക്കു മുമ്പിലായി. ഒന്നു പകച്ചെങ്കിലും ആ അമ്പരപ്പ് പൊട്ടിച്ചിരിക്ക് വഴിമാറി. മറ്റൊരു അനുഭവം തായ്ലന്ഡിലേക്ക് യാത്ര ചെയ്ത വിമാനം പിറ്റേദിവസം ക്രാഷായതാണ്. അങ്ങനെ എന്തെല്ലാം. അന്നതൊക്കെ പേടിപ്പിച്ചെങ്കിലും ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരിക്കാനുള്ള വകയുണ്ട്.
എന്‍ തൂലികയില്‍
എവിടെ പോയാലും അതേക്കുറിച്ച് എഴുതണം എന്നത് എന്റെ ആഗ്രഹമാണ്. ഉസ്ബെബെക്കിസ്ഥാനിലെ പഴയ സില്‍ക്ക് റൂട്ട് വഴിയുള്ള യാത്രാ വിവരണം ഡീ സി ബുക്സ് പ്രസിദ്ധീകരിക്കാന്‍ പോവുകയാണ്. ഉല്ലാസ യാത്ര എന്ന പേരില്‍ ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ പോകുന്ന നാല് രാജ്യങ്ങളായ സിംഗപ്പൂര്‍, മലേഷ്യ, തായ്ലന്ഡ്, ശ്രീലങ്ക എന്നീ രാജ്യങ്ങളെ കുറിച്ചുള്ള യാത്രാഗൈഡ് മാതൃഭൂമി ബുക്സ് ഇറക്കാന്‍ പോകുന്നു. ലണ്ടന്‍ യാത്രയെക്കുറിച്ചും അവര്‍ തന്നെ പുസ്തകം ഇറക്കി.
മലയാളത്തിലെ ആദ്യത്തെ രണ്ട് ഓട്ടോമൊബൈല്‍ പുസ്തകങ്ങളും ഞാന്‍ എഴുതിയതാണ്. ഒന്ന് കാര്‍ വാങ്ങുമ്പോള്‍, രണ്ടാമത്തേത് കാര്‍ പരിചരണം. അതും മാതൃഭൂമി തന്നെയാണ് പുറത്തിറക്കിയത്. മനോരമ ഓണ്‍ലൈന്‍, മാധ്യമം ആഴ്ചപ്പതിപ്പ്, മലയാളം വാരിക, മാതൃഭൂമി വാരന്ത്യപ്പതിപ്പ് എന്നിവയിലും എഴുതാറുണ്ട്. ഈചുരുങ്ങിയ സമയത്തിനിടയില്‍ ഉത്തര എന്ന സിനിമയിലൂടെ തിരക്കഥാരചനയിലും കൈവയ്ക്കുകയും ചെയ്തു.
ഒപ്പത്തിനൊപ്പം
അച്ഛനുമമ്മയുമാണ് എന്നെ ഒരു സഞ്ചാരപ്രിയനാക്കിയത്. ഭാര്യ മഞ്ജു അധ്യാപികയാണ്, മകള്‍ മീനാക്ഷി ഡിഗ്രി വിദ്യാര്‍ത്ഥിനിയും. ഭാര്യയേയും മകളേയും 16 രാജ്യങ്ങളില്‍ കൊണ്ടുപോയിട്ടുണ്ട്. ഞാന്‍ മകള്‍ക്ക് നല്കിയ സമ്പാദ്യം ഈ രാജ്യങ്ങളില്‍ നടത്തിയ യാത്രയില്‍ നിന്ന് ലഭിച്ച അനുഭവങ്ങളാണ്. അത് അവളുടെ കാഴ്ചപ്പാടുകളെ മാറ്റിയിട്ടുണ്ടെന്നാണ് വിശ്വാസം.
പിന്നീട് ഇന്ത്യാവിഷനില്‍ ഓട്ടോ ഷോ ചെയ്തു. ഇപ്പോള്‍ ഏഷ്യാനെറ്റില്‍ സ്മാര്‍ട്ട് ഡ്രൈവ് ഷോ ചെയ്യുന്നുണ്ട്. ഇങ്ങനെ പ്രിന്റിലും വിഷ്വലിലും മലയാളത്തില്‍ ഓട്ടോമൊബൈല്‍ കോളവും പ്രോഗ്രാമും ചെയ്തതുകൊണ്ട് പലരും മലയാളം ഓട്ടോമൊബൈല്‍ ജേര്‍ണലിസത്തിന്റെ പിതാവ് എന്നൊക്കെ വിശേഷിപ്പിച്ചുതുടങ്ങി.ഒന്നിലേറെ തവണ പരാജയത്തിലേക്ക് കൂപ്പുകുത്തിയെങ്കിലും സ്വന്തമായൊരു ഓട്ടോമൊബൈല്‍ മാസിക എന്നൊരു സ്വപ്നം ഞാന്‍ മനസില്‍ സൂക്ഷിച്ചിരുന്നു. പലതവണ തിരിച്ചടികളുണ്ടായെങ്കിലും മാഗസിന് ജേര്‍ണലിസം ഇഷ്ടപ്പെടുന്നതുകൊണ്ടാണ് സ്മാര്‍ട്ട് ഡ്രൈവ് ആരംഭിച്ചത്. എഡിറ്റോറിയലില്‍ ഓട്ടോമൊബൈല്‍ വാര്‍ത്തകളല്ല മറിച്ച് ലോകത്ത് എന്തു നടക്കുന്നു എന്നതും എന്റെ കാഴ്ചപ്പാടുകളുമാണ് എഴുതുന്നത്. ഇപ്പോള്‍ സ്മാര്‍ട്ട് ഡ്രൈവ് ഓണ്‍ലൈന്‍ പേജും സജീവമാണ്. ഇതിനൊപ്പം ഒരു യൂട്യൂബ് ചാനലിലും കൈകാര്യം ചെയ്യുന്നുണ്ട്.
അങ്ങനെയിരിക്കേ, മാഗസിനുവേണ്ടി സംവിധായകന് ലാല്ജോസിനേയും കൂട്ടി ഒരു യാത്ര പോയി. യാത്രയ്ക്കിടയില്‍ ലണ്ടന്‍ യാത്രയെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും താല്പര്യമായി. അങ്ങനെ മൂന്നുപേര്‍ ഒരുമിച്ച് യാത്രപോകാന്‍ തീരുമാനിച്ചു. ഒന്നരവര്‍ഷം നീണ്ട ഒരുക്കങ്ങള്‍ക്കിടയില്‍ ഞങ്ങളൊരുമിച്ച് ചെറിയ യാത്രകള്‍ നടത്തി.
അങ്ങനെ ലണ്ടന്‍ യാത്രയ്ക്കുള്ള സമയമെത്തി. ജീവിതത്തിലെ അപൂര്‍വമായ അനുഭവങ്ങളിലൊന്നായിരുന്നത്. 27000 കിലോമീറ്റര്‍, 27 ദിവസം, 27 രാജ്യങ്ങള്‍, ഇതുവരെ ആരും പോകാത്ത റൂട്ട് അങ്ങനെ വെല്ലുവിളികളേറെയായിരുന്നു. പക്ഷേ ആ യാത്ര വിചാരിച്ചപോലെ എളുപ്പമായിരുന്നില്ല. യാത്രയില്‍ പലപ്രശ്നങ്ങളുമുണ്ടായി. അവസാനം സുരേഷ് സാറുമായി യോജിച്ച് പോകില്ല എന്നായപ്പോള്‍ 42 ദിവസം കഴിഞ്ഞ് സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍വച്ച് ഞങ്ങള്‍ വഴിപിരിഞ്ഞു.
ഒരിക്കല്‍ ഭൂട്ടാനില്‍ പോകണമെന്ന് വലിയ ആഗ്രഹം. എങ്ങനെ പറ്റുമെന്നോ, വണ്ടി കൊണ്ടുപോകാന്‍ പറ്റുമെന്നോ, ഏത് വഴി കയറുമെന്നോ അറിയില്ല. എങ്കിലും വണ്ടിയുമായി പോകാന്‍ തീരുമാനിച്ചു. അങ്ങനെ ഞാനും ജമേഷ് കോട്ടയ്ക്കലും 2006 ല്‍ ഭൂട്ടാനിലും ഞങ്ങളുടെ കാല്‍പ്പാടുകള്‍ പതിപ്പിച്ചു. ത്രില്ലടിപ്പിച്ച മറ്റൊരു യാത്ര ശ്രീലങ്കയിലേക്കായിരുന്നു. എല്‍ ടി ടി ഇ തലവന്‍ പ്രഭാകരന് കൊല്ലപ്പെട്ടശേഷം മേഖലയില്‍ ആദ്യമായി എത്തിയ വിദേശ മാധ്യമ പ്രവര്ത്തകന് ഞാനാണ്.
സിംഹളനാണെന്ന് തെറ്റിധരിച്ചാണ് എനിക്ക് പ്രവേശനമനുവദിച്ചത്. പ്രഭാകരന് കൊല്ലപ്പെട്ടിട്ട് രണ്ട് മാസം ആകുന്നേയുണ്ടായിരുന്നുള്ളൂ. പ്രഭാകരന് വസിച്ച വീട്, ഒളിവില്‍ താമസിച്ച ബങ്കര്‍ എല്ലാം കണ്ടു. പ്രഭാകരനെ വെടിവച്ച് കൊന്ന നന്തിക്കടല് എന്ന പ്രദേശത്തു മാത്രം പട്ടാളം കയറ്റിയില്ല. യുദ്ധത്തിന്റെ ഭീകരത എന്താണെന്ന് വിളിച്ചോതുന്ന കാഴ്ചകളായിരുന്നു അത്.
ചെറിയൊരു പേടി
പല കാര്യങ്ങള്‍ക്കും പേടിയുള്ള ആളാണ് ഞാന്‍. ഇപ്പോഴും ഏറ്റവും പേടി വിമാനയാത്രയാണ്. വിമാനയാത്ര പേടിയുള്ള ഞാന്‍ 12 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനത്തില്‍ എവറസ്റ്റ് കാണാന്‍ പോയിട്ടുണ്ട്. ചെറിയ ഇടങ്ങളോടുള്ള പേടിയായ ക്ലസ്റ്റ്ട്രോഫോബിയയും എനിക്കുണ്ട്. എന്നെ പേടിപ്പിച്ച, എന്നാല്‍ വായനക്കാരെ ചിരിപ്പിക്കുന്ന ഒരു അനുഭവം ഈജിപ്തിലെ 2000 വര്‍ഷം പഴക്കമുള്ള കറ്റക്കോമ്പ് സന്ദര്‍ശനമാണ്.
അമ്മയും ഞങ്ങള്‍ക്കൊപ്പവും മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പവും യാത്ര ചെയ്യാറുണ്ട്. മഞ്ജു അധ്യാപകരായ സുഹൃത്തുക്കള്‍ക്കൊപ്പം രണ്ടുവര്‍ഷമായി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. അവരെ ആ യാത്രകള്‍ക്കായി പ്രോത്സാഹിപ്പിക്കാനും ഞാന്‍ ശ്രദ്ധിക്കാറുണ്ട്.