
2020 ഓട്ടോ എക്സ്പോയില്‍ അപ്രീലിയ എസ്എക്സ്ആര്‍ 160 പ്രദര്‍ശിപ്പിച്ചു. എസ്എക്സ്ആര്‍ 160 മോട്ടോ സ്കൂട്ടര്‍ ഡിസൈന്‍ ലഭിച്ച മാക്സി സ്കൂട്ടറാണ്. ഇന്ത്യന്‍ വിപണിക്കുവേണ്ടി പ്രത്യേകം നിര്‍മിച്ചതാണ് എസ്എക്സ്ആര്‍ 160. ഈ വര്‍ഷം ഓഗസ്റ്റില്‍ ബുക്കിംഗ് ആരംഭിക്കും. വൈകാതെ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ഇറ്റലിയില്‍ അപ്രീലിയ സംഘം രണ്ട് വര്‍ഷമെടുത്താണ് എസ്എക്സ്ആര്‍ 160 രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചത്.
അപ്രീലിയ എസ്ആര്‍ 160 ഉപയോഗിക്കുന്ന അതേ 160 സിസി, 3 വാല്‍വ് എന്‍ജിനാണ് എസ്എക്സ്ആര്‍ 160 സ്കൂട്ടറിന് ഒരുങ്ങുന്നത്. ഈ എൻജിൻ 10.8 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി സിവിടി (കണ്ടിനുവസ്ലി വേരിയബിള്‍ ട്രാന്സ്മിഷന്) ചേര്‍ത്തുവെച്ചു. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഡിസ്ക് ബ്രേക്കുകള്‍ എന്നിവ സ്റ്റാന്‍ഡേഡാണ്. ചുവപ്പ്, നീല, വെളുപ്പ്, കറുപ്പ് എന്നീ നാല് നിറങ്ങളില്‍ അപ്രീലിയ എസ്എക്സ്ആര്‍ 160 വിപണിയില്‍ അവതരിപ്പിക്കും. പൂര്‍ണമായും എല്‍ഇഡി ലൈറ്റിംഗ്, പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ സവിശേഷതകളാണ്. കണക്റ്റിവിറ്റി, മൊബീല്‍ ഡോക്ക്, അപ്രീലിയ ഹെല്‍മറ്റുകള്‍, വസ്ത്രങ്ങള്‍ എന്നിവ ആക്സസറികളായി ലഭിക്കും.
ഭാവിയിൽ പുതിയ വിഭാഗങ്ങളില്‍ സ്കൂട്ടറുകള് വിപണിയിലെത്തിക്കാനാണ് പിയാജിയോയുടെ പദ്ധതി. ഇന്ത്യ തങ്ങള്‍ക്ക് പ്രധാന വിപണിയാണെന്ന് പിയാജിയോ ഇന്ത്യ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡീഗോ ഗ്രാഫി പറഞ്ഞു. ഇന്ത്യന്‍ ഉപയോക്താക്കളുടെ മുന്‍ഗണനകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതും അതുകൊണ്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി.






