
വെസ്പ റേസിംഗ് സിക്സ്റ്റീസ് ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. വെസ്പ റേസിംഗ് സിക്സ്റ്റീസ് വെസ്പ എസ്എക്സ്എല്‍ 150 അടിസ്ഥാനമാക്കിയാണ് നിര്‍മിച്ചത്.
പുതിയ ലിമിറ്റഡ് എഡിഷന് സ്കൂട്ടർ 1960 കളില്‍ മോട്ടോര്‍സ്പോര്‍ട്ടുകളില്‍ ഉപയോഗിച്ചിരുന്ന വെസ്പ ലിവറികളില്നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സ്റ്റൈലിംഗ് നടത്തിയതാണ്. ഈ വര്‍ഷം രണ്ടാം പകുതിയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
സ്കൂട്ടറിന് ബിഎസ് 6 പാലിക്കുന്ന 150 സിസി, സിംഗിള്‍ സിലിണ്ടര്‍, 3 വാല്‍വ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്ജിന് കരുത്തേകും. ഈ എൻജിൻ 7,600 ആര്‍പിഎമ്മില്‍ 10.32 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. വെസ്പ റേസിംഗ് സിക്സ്റ്റീസ് സ്കൂട്ടറിന് പ്രധാനമായും വെളുത്ത നിറമാണ് നല്‍കിയിരിക്കുന്നത്.
സ്പോര്‍ട്ടി തീം കാഴ്ച്ചവെയ്ക്കുന്ന വീതിയേറിയ ചുവന്ന റേസിംഗ് വരകള്‍ ഹെഡ്ലാംപിന് തൊട്ടുതാഴെ മുതല്‍ ഏപ്രണിലുടനീളം ഫെന്‍ഡറിന്റെ അഗ്രം വരെ കാണാം. ഈ സ്ട്രൈപ്പുകള്‍ ബോഡി പാനലുകളിലും നല്കിയിരിക്കുന്നു. സ്വര്‍ണ വര്‍ണത്തിലുള്ളതാണ് അലോയ് വീലുകള്‍.
ട്യൂബ്ലെസ് ടയറുകളാണ് ഉപയോഗിക്കുന്നത്. മുന്നില്‍ 11 ഇഞ്ച് ചക്രവും പിന്നില്‍ 10 ഇഞ്ച് ചക്രവും നല്കിയിരിക്കുന്നു. മുന്നില്‍ സിംഗിള്‍ ചാനല്‍ എബിഎസ് സഹിതം 200 എംഎം ഡിസ്ക് ബ്രേക്ക്, പിന്നില്‍ 140 എംഎം ഡ്രം ബ്രേക്ക് എന്നിവ ബ്രേക്കിംഗ് കൈകാര്യം ചെയ്യും.
ഇന്‍സ്ട്രുമെന്റ് പാനല്‍ പകുതി ഡിജിറ്റലാണ്. ഡേടൈം റണ്ണിംഗ് ലൈറ്റ് സഹിതം എല്‍ഇഡി ഹെഡ്ലൈറ്റ് ലഭിച്ചു. ബൂട്ട് ലാംപ്, യുഎസ്ബി ചാര്‍ജര്‍ എന്നിവ സവിശേഷതകളാണ്.






