
ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ഫോക്സ്വാഗണ് ടി-റോക്ക് ഏപ്രില്‍ മാസത്തോടെ നിരത്തുകളിലെത്തിക്കാന്‍ ഒരുങ്ങി നിര്‍മാതാക്കള്‍. വാഹനത്തിന്റെ വില സംബന്ധിച്ച കാര്യങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. ടി-റോക്കിനുള്ള ബുക്കിങ്ങ് ഫോക്സ്വാഗണ് തുറന്നതായാണ് റിപ്പോര്‍ട്ട്. 25,000 അഡ്വാന്‍സ് തുക ഇടാക്കിയാണ് ടി-റോക്കിന്റെ ബുക്കിങ്ങ് സ്വീകരിക്കുന്നത്.
ഇന്ത്യയിലെ എസ്യുവി ശ്രേണിയിലേക്ക് എത്തുന്ന ടി-റോക്ക് പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും എത്തുന്നത്. രൂപത്തില്‍ പ്രീമിയം സ്പോര്‍ട്ടി എസ്.യു.വി ഭാവമാണ് ടി-റോക്കിന്. ക്രോം ലൈനുകള്‍ നല്‍കിയുള്ള ഗ്രില്ലും, ഡിആര്‍എല്‍ നല്‍കിയിട്ടുള്ള ഡ്യുവല്‍ ബീം പ്രൊജക്ഷന് ഹെഡ്ലാമ്പും വലിയ എയര്‍ ഡാമും, വലിയ ബമ്പറും, ബമ്പറിന്റെ ഏറ്റവും താഴെയായി നല്‍കിയിട്ടുള്ള ഫോഗ് ലാമ്പും കൂടിയതാണ് ടി-റോക്കിന്റെ മുന്‍വശം. ഫോക്സ്വാഗണിന്റെ MQB പ്ലാറ്റ്ഫോമിലാണ് നിര്‍മാണം.
1420 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം. 445 ലിറ്റര്‍ ബൂട്ട് സ്പേസ് കപ്പാസിറ്റി പിന്‍സീറ്റ് മടക്കിയാല്‍ 1290 ലിറ്റര്‍ വരെ വര്‍ധിപ്പിക്കാം. 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ടിഎസ്ഐ പെട്രോള്‍ എന്ജിന് കരുത്തേകുന്ന ഈ വാഹനം 150 പിഎസ് പവറും 340 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സെവന് സ്പീഡ് ഡ്യുവല്‍ ഷിഫ്റ്റ് ഓട്ടമാറ്റിക്കുമാണ് ട്രാന്സ്മിഷന് ചുമതല നിര്‍വഹിക്കുക. ഫ്ളോട്ടിങ് ഡാഷ്ബോര്‍ഡ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 9.2 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയാണ് ഇന്റീരിയറിലെ മുഖ്യ സവിശേഷതകള്‍.






