
ഈ വര്‍ഷത്തെ ഓട്ടോ എക്സ്പോയില്‍ സ്കോഡ കറോക്ക് പ്രദര്‍ശിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ ഈ ഏപ്രിലിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. പൂര്‍ണമായി നിര്‍മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും.
4.3 മീറ്റര്‍ നീളം വരുന്ന സ്കോഡ കറോക്ക് ഫോക്സ്വാഗണ് ടി-റോക് നിര്‍മിച്ച അതേ പ്ലാറ്റ്ഫോമാണ് അടിസ്ഥാനമാക്കുന്നത്. കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലെ പ്രീമിയം മോഡലുകളായ ജീപ്പ് കോംപസ്, ഹോണ്ട സിആര്‍-വി, ഹ്യുണ്ടായ് ടൂസോണ്‍ എന്നിവയായിരിക്കും എതിരാളികള്‍.
സ്കോഡയുടെ പരമ്പരാഗത ഗ്രില്‍, വണ്ണം കുറഞ്ഞ ഹെഡ്ലാംപുകള് എന്നിവ നല്കിയിരിക്കുന്നു. കാബിനില്‍ തുകല്‍ അപ്ഹോള്‍സ്റ്ററി നല്കി. മുന്‍വശം ബോള്‍ഡും ഷാര്‍പ്പുമാണ്. വശങ്ങളും പിന്‍വശവും കോഡിയാക്കുമായി ഏറെക്കുറേ സമാനമാണ്.
വിര്‍ച്വല്‍ കോക്പിറ്റ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി ലഭിക്കുന്ന വലിയ ടച്ച്സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഒമ്പത് എയര്‍ബാഗുകള്‍, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള് തുടങ്ങി സെഗ്മെന്റിലെ എല്ലാ സ്റ്റാന്‍ഡേഡ് ഫീച്ചറുകളും പ്രതീക്ഷിക്കാം.
1.5 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ ടിഎസ്ഐ എന്ജിന് കരുത്തേകും. ഈ എൻജിൻ 150 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് എന്‍ജിനുമായി ചേര്‍ത്തുവെയ്ക്കും.
പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ഒമ്പത് സെക്കന്‍ഡ് മതി. ടോപ് സ്പീഡ് മണിക്കൂറില്‍ 202 കിലോമീറ്ററാണ്. ഡീസല്‍ എന്ജിന് ഓപ്ഷന് ഉണ്ടായിരിക്കില്ല. ആഗോളതലത്തില്‍ 4 വീല്‍ ഡ്രൈവ് ഓപ്ഷന് ലഭിക്കുമെങ്കിലും ഇന്ത്യയില്‍ ഫ്രണ്ട് വീല്‍ ഡ്രൈവ് മോഡലായിരിക്കും വിപണിയിൽ എത്തുക.






