
എംജി 3 എന്ന പ്രീമിയം ഹാച്ച്ബാക്ക് ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. എംജി 3 നിലവില്‍ യുകെ, ചൈന, തായ്ലന്ഡ് എന്നിവിടങ്ങളില്‍ വിറ്റുവരുന്നുണ്ട്. എംജി 3 എക്സ്റോസ് എന്ന ക്രോസ്ഓവര്‍ വേര്‍ഷനാണ് ആഗോളതലത്തില്‍ വില്‍ക്കുന്നത്. ഇന്ത്യയില്‍ വരുന്നത് എംജി 3 ആകുമെന്നാണ് സൂചന.
ഹ്യുണ്ടായ് ഐ20, മാരുതി സുസുകി ബലേനോ, ടാറ്റ അള്‍ട്രോസ് എന്നിവയായിരിക്കും ഇന്ത്യയിലെ എതിരാളികള്‍. എംജി 3 പ്രീമിയം ഹാച്ച്ബാക്കിന്റെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 3,999 എംഎം, 1,728 എംഎം, 1,517 എംഎം എന്നിങ്ങനെയാണ്.
2,520 മില്ലി മീറ്ററാണ് വീല്‍ബേസ്. എംജി 3 ആഗോളതലത്തില്‍ 1.3 ലിറ്റര്‍, 1.5 ലിറ്റര്‍ എന്നീ പെട്രോള്‍ എന്ജിന് ഓപ്ഷനുകളില്‍ മാത്രമാണ് ലഭിക്കുന്നത്. ആദ്യ എൻജിൻ 92 ബിഎച്ച്പി കരുത്തും 118 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ രണ്ടാമത്തെ മോട്ടോര്‍ 105 ബിഎച്ച്പി കരുത്തും 137 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 5 സ്പീഡ് മാന്വല്‍, 5 സ്പീഡ് എഎംടി (ഓട്ടോമേറ്റഡ് മാന്വല്‍ ട്രാന്സ്മിഷന്) എന്നിവയാണ് ട്രാന്സ്മിഷന് ഓപ്ഷനുകള്‍.
വലിയ എയര്‍ഡാം സഹിതം മുന്നില്‍ അഗ്രസീവ് ബംപര്‍, തേനീച്ചക്കൂടിന്റെ രൂപകല്‍പ്പന നല്കിയ ഗ്രില്‍, ഗ്രില്ലിന് ഇരുവശങ്ങളിലും വലിയ സ്വെപ്റ്റ്ബാക്ക് ഹെഡ്ലാംപുകള്, ഇരുവശങ്ങളിലും വലിയ എയര്‍ ഇന്‍ടേക്കുകള്‍ എന്നിവ നല്കിയിരിക്കുന്നു. പിറകില്‍ കുത്തനെ നല്കിയ നീളത്തിലുള്ള ടെയ്ല്‍ലാംപുകള്‍ കാണാം. പ്ലാസ്റ്റിക് ക്ലാഡിംഗ് സഹിതം വലിയ ബംപര്‍ താഴ്ഭാഗത്തായി കാണാം.






