
ബോളിവുഡ് നടന് സെയ്ഫ് അലിഖാന്റെയും ആദ്യ ഭാര്യ അമൃത സിംഗിന്റെയും മകളായ സാറ അലിഖാനും കാര്‍ത്തിക് ആര്യനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ബോളിവുഡ് ചിത്രം ലവ് ആജ് കല്ലിന് സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചു. ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ചിത്രം വെള്ളിയാഴ്ച റിലീസിന് എത്താനിരിക്കെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലുണ്ടായത്.
ചുംബന രംഗം വെട്ടിക്കുറക്കുകയും ചില ഡയലോഗുകള്‍ ഒഴിവാക്കുകയും ചെയ്തു. കൂടാതെ ചിത്രത്തില്‍ പല മാറ്റങ്ങളും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് നടത്തി. കാര്‍ത്തിക്കിന്റേയും സാറയുടേയും ചുംബന രംഗത്തിന്റെ ദൈര്‍ഘ്യം കുറച്ചു. ചിത്രത്തിന്റെ തുടക്കത്തിലുള്ള രംഗത്തിന് കത്രികയും വെച്ചു. കൂടാതെ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങളിലും മാറ്റം വരുത്തി. നടിയുടെ ക്ലീവേജ് കാണുന്ന രംഗങ്ങളും അവ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ അഭിനേതാക്കള്‍ സ്വയം വസ്ത്രം മാറുന്ന രംഗങ്ങളും വെട്ടി. അശ്ലീല ചുവയുള്ള വാക്കാണെന്ന് പറഞ്ഞ് ചിത്രത്തിലെ പല ഡയലോഗുകളിലും മാറ്റം വരുത്തി. ചില വാക്കുകള്‍ നിശബ്ദമാക്കുകയും മറ്റു ചില വാക്കുകള്‍ക്ക് പകരം വാക്ക് നല്‍കുകയുമായിരുന്നു.
സാറയുടെ പിതാവായ സെയ്ഫ് അലി ഖാനും ദീപിക പദുകോണും അഭിനയിച്ച് 2009-ല്‍ പുറത്തിറങ്ങിയ ലവ് ആജ് കല് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. രണ്ട് കാലഘട്ടങ്ങളിലെ പ്രണയമാണ് ചിത്രത്തില്‍ പറയുന്നത്. രഘു, വീര്‍ എന്നീ കഥാപാത്രങ്ങളായാണ് കാര്‍ത്തിക് എത്തുന്നത് സോയ എന്ന കഥാപാത്രത്തെയാണ് സാറ അവതരിപ്പിക്കുന്നത്. രണ്‍ദീപ് ഹൂഡ, ആരുഷി ശര്‍മ, ശ്വേത പഡ്ഡ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.






