
പട്ന : ബീഹാറില്‍ ഇടത് നേതാവ് കനയ്യ കുമാറിന് നേരെ വീണ്ടും കല്ലേറ്. വെള്ളിയാഴ്ച ബീഹാറിലെ ബുക്സറില്‍ നിന്ന് അറയിലേക്കുള്ള യാത്രക്കിടെയാണ് കനയ്യകുമാറിന് നേരെ കല്ലേറുണ്ടായത്.
പൗരത്വ നിയമഭേദഗതിക്കെതിരെ ബീഹാറില്‍ പ്രതിഷേധം നടത്തുന്ന കനയ്യകുമാറിന് നേരെ ഉണ്ടാകുന്ന തുടര്‍ച്ചയായ എട്ടാമത്തെ ആക്രമണമാണ് ഇത്. ചൊവ്വാഴ്ച ഗയയിലെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ പോകവേ ബൈക്കുകളില്‍ എത്തിയ ഒരു സംഘം കനയ്യക്ക് നേരെ കല്ലേറ് നടത്തിയിരുന്നു.
ജനുവരി 30 മുതല്‍ 'ജന്‍ ഗണ്‍ മന്' യാത്ര എന്ന പേരില്‍ സി എ എ, എന്‍ പി ആര്, എന്‍ ആര് സി എന്നവയ്ക്കെതിരെ ബീഹാറില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുകയാണ് കനയ്യ. ഇതിനിടെയാണ് കനയ്യക്ക് നേരെ വിവിധയിടങ്ങളില്‍ ആക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ഫെബ്രുവരി 29 ന് പട്നയില്‍ റാലിയോടെ പ്രചരണ പരിപാടി അവസാനിപ്പിക്കാനിരിക്കെയാണ് വെള്ളിയാഴ്ച വീണ്ടും കനയ്യ കുമാറിന് നേരെ കല്ലേറുണ്ടായത്.






