
ഗ്ലോബല്‍ എന്‍കാപിന്റെ പ്രഥമ 'സേഫര്‍ ചോയ്സ്' അവാര്‍ഡ് മഹീന്ദ്ര എക്സ്യുവി 300 കരസ്ഥമാക്കി. 2018 ഓട്ടോ എക്സ്പോയിലാണ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതായി ഗ്ലോബല്‍ എന്‍കാപ് പ്രഖ്യാപിച്ചത്. മികച്ച സുരക്ഷിതത്വം നല്കുന്ന കാറുകള്‍ക്കും അതാത് കാര്‍ നിര്‍മാതാക്കള്‍ക്കും ഗ്ലോബല്‍ എന്‍കാപ് (ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം) നല്കുന്ന അംഗീകാരമാണ് സേഫര്‍ ചോയ്സ് അവാര്‍ഡ്.
കഴിഞ്ഞ മാസം മഹീന്ദ്ര എക്സ്യുവി 300 ഗ്ലോബല്‍ എന്‍കാപ് നടത്തിയ ഇടി പരിശോധനയില്‍ ഫൈവ് സ്റ്റാർ റേറ്റിംഗ് നേടിയിരുന്നു. മുതിര്‍ന്നവരുടെ സുരക്ഷ സംബന്ധിച്ചാണ് 5 സ്റ്റാര്‍ നേടുകയും കുട്ടികളുടെ സുരക്ഷാകാര്യത്തില്‍ 4 സ്റ്റാര്‍ റേറ്റിംഗും സബ്കോംപാക്റ്റ് എസ്യുവിക്ക് ലഭിച്ചിരുന്നു. ഇന്ത്യയില്‍ നിര്‍മിച്ച് ഗ്ലോബല്‍ എന്‍കാപ് ഇതുവരെ പരിശോധിച്ച കാറുകളില്‍ ഏറ്റവുമധികം ആകെ റേറ്റിംഗ് നേടിയത് മഹീന്ദ്രയുടെ സബ്കോംപാക്റ്റ് എസ്യുവിയാണ്.
സേഫര്‍ ചോയ്സ് അവാര്‍ഡ് ലഭിക്കുന്നതിന് ഒരു കാര്‍ മുതിര്‍ന്നവരുടെ സുരക്ഷ സംബന്ധിച്ച് 5 സ്റ്റാര്‍ റേറ്റിംഗ്, കുട്ടികളുടെ സുരക്ഷാകാര്യത്തില്‍ ഏറ്റവും കുറഞ്ഞത് 4 സ്റ്റാര്‍ റേറ്റിംഗ് നേടിയിരിക്കണം. എല്ലാ വേരിയന്റുകളിലും ഓപ്ഷനായി എങ്കിലും ഇഎസ്സി ഉണ്ടായിരിക്കണം. അതുപോലെ, കാല്‍നടയാത്രക്കാരുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം. കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ മഹീന്ദ്ര എക്സ്യുവി 300 ഗ്ലോബല്‍ എന്‍കാപ് അധികൃതര്‍ക്ക് കൈമാറിയിരുന്നു. കാല്‍നടയാത്രക്കാരുടെ സുരക്ഷയിലും ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്ട്രോള് (ഇഎസ്സി) ആവശ്യകതകളിലും വിജയിച്ചതോടെയാണ് സേഫര്‍ ചോയ്സ് അവാര്‍ഡ് നൽകിയത്. മഹീന്ദ്ര എക്സ്യുവി 300 കൂടാതെ, ഗ്ലോബല്‍ എന്‍കാപ് ഇടി പരിശോധനയില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ മറ്റ് രണ്ട് ഇന്ത്യന്‍ നിര്‍മിത മോഡലുകള്‍ ടാറ്റ നെക്സോണ്‍, ടാറ്റ അള്‍ട്രോസ് എന്നിവയാണ്.






