ന്യൂഡല്‍ഹി: ബി.ജെ.പി ശ്രീരാമന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് രൂപീകരിച്ചത് പോലെ പള്ളിക്കായും ട്രസ്റ്റ് രൂപീകരിക്കണമെന്ന് ശരദ് പവാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നവാബ് മാലിക്കിന്റെ പ്രസ്താവന. എല്ലാവര്ക്കും നീതി ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. പക്ഷേ ബി.ജെ.പി രാമന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും മാലിക് കുറ്റപ്പെടുത്തി.
മരിക്കണമെന്ന് ഉറപ്പിച്ച് വരുന്നവര്‍ ജീവിച്ചിരിക്കുന്നത് എങ്ങനെയാണെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കെതിരെയും മാലിക് വിമര്‍ശനം ഉന്നയിച്ചു. ഒരു ജനാധിപത്യ രാജ്യത്ത് ആദിത്യനാഥിന്റെ ഇത്തരം പ്രസ്താവനകള്‍ അംഗീകരിക്കാനാകില്ല. ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നാണ് സുപ്രീം കോടതി പറയുന്നത്. പക്ഷേ അതിന് വിപരീതമായാണ് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് വെടിവച്ചിരിക്കുന്നത്. ജനറല്‍ ഡയറിനെപ്പോലെയാണ് യോഗി പെരുമാറുന്നത്. അത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മാലിക് കൂട്ടിച്ചേര്‍ത്തു.






