
കണ്ണൂരില്‍ അമ്മ ക്രൂരമായി കൊലപ്പെടുത്തിയ ഒന്നരവയസുകാരന് വിയാന്റെ മരണത്തില്‍ പ്രതിഷേധവുമായി നിരവധി പ്രമുഖരാണ് രംഗത്ത് എത്തിയത്. ഇപ്പോള്‍ ഈ സംഭവത്തിനെതിരെ നിറകണ്ണുകളുമായി എത്തിയിരിക്കുകയാണ് നടി ജ്യോതി കൃഷ്ണ. ലൈവിനിടയില്‍ പലപ്പോഴും ജ്യോതിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. താനൊരു അമ്മയാണെന്നും അമ്മയാകുക എന്നതിന്റെ അര്‍ത്ഥവും വ്യാപ്തിയും തിരിച്ചറിയുന്ന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഒരു കുഞ്ഞ് ഈ ലോകത്ത് ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്ന അമ്മ തന്നെ അതിന്റെ ജീവനെടുത്തത് വലിയ ക്രൂരതയാണെന്നും ജ്യോതി പറയുന്നു.
'' എന്തിന്റെ പേരിലായാലും വെറുതെ വിട്ടുകൂടായിരുന്നോ? വീട്ടുകാര്‍ നോക്കില്ലായിരുന്നോ? എത്രയോ കുട്ടികളില്ലാത്ത ആള്‍ക്കാരുണ്ട്? അവര്‍ക്ക് ആര്‍ക്കെങ്കിലും കൊടുത്തൂടായിരുന്നോ? ഇത്രയും വലിയ ക്രൂരത കാണിക്കേണ്ട ആവശ്യമുണ്ടായിരുന്നോ? എന്തുമാതിരി വേദന ആ കുഞ്ഞ് അനുഭവിച്ചു കാണും? അതു അനുഭവിക്കുമ്പോഴും അമ്മയെ ആയിരിക്കില്ലേ ആ കുഞ്ഞ് അന്വേഷിച്ചിരിക്കുക!.
പ്രകൃതി സ്ത്രീക്ക് മാത്രം കൊടുത്തിരിക്കുന്ന ഒരുപാട് സൗഭാഗ്യങ്ങളുണ്ട്. അതിലേറ്റവും വലിയ കാര്യമാണ് ഒരു അമ്മ ആകുക എന്നത്. ഒരു സ്ത്രീ അമ്മയാവുമ്പോഴാണ് അവര്‍ പൂര്‍ണയാകുന്നത്. എല്ലാ രീതിയിലും! അതില്‍ നിന്നു അവള് പഠിക്കുന്ന ഒത്തിരി കാര്യങ്ങളുണ്ട്. ഞാന്‍ അത് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഞാനത് ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്. പല സമയത്തും അച്ഛന്മാര് അസൂയയോടെ നോക്കുന്ന ഒത്തിരി കാര്യങ്ങളുണ്ടാകും കുഞ്ഞുങ്ങളുടെ കാര്യത്തില്‍! ഒരു കുഞ്ഞ് ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുക അതിന്റെ അമ്മയെ ആണ് '' - ജ്യോതി കൃഷ്ണ പറഞ്ഞു.






