
ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ മകള്‍ ഇവാങ്ക ട്രംപും ഭര്‍ത്താവ് ജറേഡ് കൂഷ്നറും പിതാവിന്റൊപ്പം എത്തുമെന്ന് സൂചന. ട്രംപിന്റെ ഭാര്യ മിലാനിയ ട്രംപിനൊപ്പം ഇന്ത്യയിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
അമേരിക്കന്‍ പ്രസിഡന്റിന്റെ ഉപദേശകരായി പ്രവര്‍ത്തിച്ച് വരികയാണ് ഇവാങ്കയും കൂഷ്നറും. അമേരിക്കയിലെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഉന്നതതല സെക്രട്ടറിമാരുടെ സംഘവും ട്രംപിനൊപ്പം ഇന്ത്യയിലെത്തും.
ഫെബ്രുവരി 24ന് അമേരിക്കന്‍ പ്രസിഡന്റും സംഘവും അഹമ്മദാബാദില്‍ വിമാനമിറങ്ങും. സര്‍ദ്ദാര്‍ വല്ലഭായ് പട്ടേല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് ട്രംപും നരേന്ദ്ര മോഡിയും ജനങ്ങളെ അഭിസംബോധന ചെയ്യും. അതിന് ശേഷം അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് സബര്‍മതി ആശ്രമം വരെ ട്രംപിന്റെ റോഡ് ഷോ അരങ്ങേറും. പിന്നീട് ഡല്‍ഹിയിലേക്ക് തിരിക്കുന്ന ട്രംപ് കുടുംബസമേതം താജ്ഹമല് സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.






