
ചെക്ക് റിപ്പബ്ലിക്കിലെ മ്ലാഡ ബോലെസ്ലാവ് പ്ലാന്റില്‍നിന്ന് എഴുപത് ലക്ഷമെന്ന എണ്ണം തികച്ച സ്കോഡ ഒക്ടാവിയ പുറത്തിറക്കി. ഫോക്സ്വാഗണ് ഗ്രൂപ്പിനുകീഴില്‍ വികസിപ്പിച്ച ആദ്യ സ്കോഡ ആയിരുന്നു ഒക്ടാവിയ. സ്കോഡ ഒക്ടാവിയ ആദ്യം നിര്‍മിച്ചിരുന്നത് 1959 മുതല്‍ 1971 വരെയാണ്. പിന്നീട് ആധുനിക കാലത്തെ ആദ്യ തലമുറ സ്കോഡ ഒക്ടാവിയ 1996 ല്‍ വിപണിയിലെത്തി.
മുന്‍ഗാമിയേക്കാള്‍ കൂടുതല്‍ സ്ഥലസൗകര്യവും കൂടുതല്‍ സുരക്ഷാ, കണക്റ്റിവിറ്റി ഫീച്ചറുകളും ലഭിച്ച മോഡലായ നാലാം തലമുറ ഒക്ടാവിയ 2019 നവംബറില്‍ പ്രാഗില്‍ ആഗോള അരങ്ങേറ്റം നടത്തി. ബൂട്ട് ശേഷിയും കൂടുതലാണ്. സ്കോഡയുടെ പുതിയ ഡിസൈന്‍ ഭാഷയിലാണ് പുതിയ ഒക്ടാവിയ എത്തിയത്. റിപ്പോർട്ട് പ്രകാരം 2019 ല്‍ മാത്രം 3,63,700 യൂണിറ്റ് ഒക്ടാവിയ ആണ് ആഗോളതലത്തില്‍ ഡെലിവറി ചെയ്തത്.
1990 കളുടെ പകുതി മുതല്‍ വിജയകുതിപ്പ് തുടരുകയാണ് സ്കോഡ ഒക്ടാവിയ എന്നും സ്കോഡ എന്ന ബ്രാന്‍ഡിന്റെ ഹൃദയമാണ് ഒക്ടാവിയ എന്നും സ്കോഡ ഓട്ടോ ബോര്‍ഡ് അംഗം (പ്രൊഡക്ഷന്‍ & ലോജിസ്റ്റിക്സ്) മൈക്കല്‍ ഓയെല്ജെക്ലോസ് പറഞ്ഞു. ആഗോള കാര്‍ നിര്‍മാതാക്കള്‍ എന്ന മേല്‍വിലാസത്തിലേക്ക് ചുവടുമാറ്റുന്നതില്‍ ഒക്ടാവിയ എന്ന മോഡല്‍ വലിയ സംഭാവന നല്‍കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.






