
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയയലളിതയുടെ ജീപിതം പറയുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ജയലളിതയായി വേഷമിടുന്നത് ബോളിവുഡ് താരം കങ്കണയാണ്. തലൈവിയെന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എഎല്‍ വിജയ് ആണ്. ചിത്രത്തിലെ കങ്കണയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ജയലളിതയുടെ ജന്മദിനത്തില് തന്നെയാണ് ജയലളിതയായിട്ടുള്ള കങ്കണയുടെ പുതിയ ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്. ചുവപ്പും കറുപ്പും ബോര്‍ഡറുകള്‍ ഉള്ള വെള്ള സാരിയുടുത്ത് തലൈവിയുടെ മുഖത്തെ അതേ ചിരിയുമായാണ് കങ്കണ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുവരുടേയും ഭാവങ്ങള്‍ തമ്മില്‍ അതീവ സാദൃശ്യമുണ്ടെന്നാണ് അഭിപ്രായങ്ങള്‍ പുറത്ത് വരുന്നത്.
തമിഴിലും ഹിന്ദിയിലും തെലുങ്കിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്ക് തിരക്കഥയൊരുക്കുന്നത്. അതേസമയം ജയലളിതയുടെ ജീവിതം പറയുന്ന രണ്ട് സിനിമകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.






