
പിറന്നു വീഴുന്ന കുഞ്ഞുങ്ങള്‍ മിക്കപ്പോഴും കണ്ണുകള്‍ ഇറുകി പൂട്ടി കരഞ്ഞു കൊണ്ടായിരിക്കും ഭൂമിയിലേക്ക് എത്തുന്നത്. കണ്ണ് തുറന്ന് കുഞ്ഞ് ഒന്നു നോക്കാന്‍ ആഗ്രഹിക്കാത്ത അമ്മമാര്‍ ഉണ്ടാകുകയില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് പിറന്ന ഉടനെ എടുത്ത കുഞ്ഞിന്റെ ചിത്രമാണ്. ബ്രസീലിലെ റിയോ ഡി ജെനീറിയോയില്‍ നിന്നുള്ള ഒരു ആശുപത്രിയില്‍ ജനിച്ച ഈ കുഞ്ഞിന്റെ മുഖഭാവമാണ് ഏവരേയും അമ്പരിപ്പിച്ചിരിക്കുന്നത്.
കട്ടകലിപ്പില്‍ ഡോക്ടറെ നോക്കുന്ന കുഞ്ഞിനെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. എന്നെ എന്തിനാ ഡോക്ടറെ പുറത്തെടുത്തത് എന്ന തരത്തില്‍ രൂക്ഷമായാണ് കുഞ്ഞ് ഡോക്ടറെ നോക്കുന്നത്. ഡയാന ഡി ജീസസ് ബാര്‍ബോസ എന്ന യുവതി ഫെബ്രുവരി 13നായിരുന്നു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തന്റെ ജീവിതത്തിലെ ഏറ്റവും നല്ല മുഹൂര്‍ത്തങ്ങളില്‍ ഒന്നായ പ്രസവ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വേണ്ടി അവര്‍ ഒരു ഫോട്ടോഗ്രാഫറെ നിയമിച്ചിരുന്നു. ഈ ഫോട്ടോഗ്രാഫറായ റോഡ്രിഗോ കുന്‍സ്റ്റമാന്‍ പകര്‍ത്തിയ ചിത്രങ്ങളിലൊന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
കുട്ടി ജനിച്ചയുടനെ കരയിപ്പിക്കാന്‍ വേണ്ടി ആശുപത്രി അധികൃതര്‍ ശ്രമിച്ചു. എന്നാല്‍ കുട്ടി കരഞ്ഞില്ലെന്ന് മാത്രമല്ല ഡോക്ടര്‍മാരെ കലിപ്പില്‍ നോക്കുകയും ചെയ്തു. ഈ ദൃശ്യം റോഡ്രിഗോ കുന്‍സ്റ്റമാന്‍ പകര്‍ത്തുകയായിരുന്നു. അദ്ദേഹം തന്നെയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കുട്ടിയുടെ കുടുംബാഗങ്ങളുടെ ചിത്രങ്ങളും ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. കുറച്ചു കഴിഞ്ഞ ശേഷം പൊക്കിള്‍ കൊടി മുറിച്ച് കഴിഞ്ഞ ശേഷം കുട്ടി കരഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. പ്രസവ ശേഷം കുട്ടിയും അമ്മയും സുഖമായിരിക്കുന്നു.