
തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും അഭിനേത്രിയുമായിരുന്ന ജയലളിതയുടെ ജീവിത കഥ പറയുന്ന ചിത്രം തലൈവിയില്‍ ജയലളിതയുടെ കൂട്ടുകാരിയും പിന്നീട് രാഷ്ട്രീയ നേതാവുമായി തീര്‍ന്ന ശശികലയായി മലയാള താരം ഷംന കാസിം എത്തുന്നു. എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന തമിഴ് തെലുങ്ക് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത് ഹിന്ദി താരം കങ്കണ റണൗട്ട് ആണ്.
'എഎല്‍ വിജയ് ഒരുക്കുന്ന തലൈവി എന്ന ചിത്രത്തിന്റെ ഭാഗമാണ് താന്‍ എന്ന് അറിയിക്കുന്നതില്‍ അതീവ സന്തോഷമുണ്ട്. ഉരുക്കുവനിതയായ ജയലളിതയുടെ ജീവചരിത്രം പറയുന്ന സിനിമയില്‍ കങ്കണ റൗണൗട്ട്, അരവിന്ദ് സ്വാമി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുക എന്നത് എനിക്ക് വിലപ്പെട്ട ഒരു അവസരമായി കരുതുന്നു' ഷംന കാസിം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കെവി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കര്‍മ്മ മിഡിയോ എന്നിവയുടെ ബാനറില്‍ വിഷ്ണു വര്ധന് ഇന്ദൂരി, ശൈലേഷ് ആര് സിങ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീരവ് ഷാ ഛായാഗ്രാഹണവും ജിവി പ്രകാശ് സംഗീതവും നിര്‍വ്വഹിക്കുന്നു. അരവിന്ദ് സ്വാമിയാണ് എംജിആര്‍ ആയി എത്തുന്നത്.






