
ബിഎസ് 6 പാലിക്കുന്ന ഹോണ്ട ആക്റ്റിവ 125 തിരിച്ചുവിളിച്ചു. കൂളിംഗ് ഫാന്‍ കവര്‍, ഓയില്‍ ഗേജ് എന്നിവ മാറ്റിവെയ്ക്കുന്നതിനാണ് ഈ നടപടി.
ഹോണ്ടയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (വിഐഎന്‍) നല്കിയാല് തിരിച്ചുവിളിച്ചവയില്‍ തങ്ങളുടെ സ്കൂട്ടര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയാന്‍ കഴിയും. ഹോണ്ട ഡീലര്‍ഷിപ്പില്‍ സ്കൂട്ടര്‍ എത്തിച്ചാല്‍ സൗജന്യമായി ഈ പാര്‍ട്ടുകള്‍ മാറ്റിവെയ്ക്കുമെന്നാണ് റിപ്പോർട്ട്.
ഇലക്ട്രോണിക് ഫ്യൂവല്‍ ഇന്ജെക്ഷന് സഹിതം ബിഎസ് 6 പാലിക്കുന്ന 125 സിസി എന്‍ജിനാണ് സ്കൂട്ടറിന് കരുത്തേകുന്നത്. ഇപ്പോള്‍ 8.1 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നു. ബിഎസ് 4 എന്ജിന് 8.52 ബിഎച്ച്പിയാണ് പുറപ്പെടുവിച്ചിരുന്നത്. ബിഎസ് 6 ഹോണ്ട ആക്റ്റിവ 125 2019 സെപ്റ്റംബറിലാണ് വിപണിയില്‍ അവതരിപ്പിച്ചത്.
ബിഎസ് 6 പാലിച്ച ഹോണ്ടയുടെ ആദ്യ ഇരുചക്ര വാഹനമാണ് ആക്റ്റിവ 125. സ്റ്റാന്‍ഡേഡ്, അലോയ്, ഡീലക്സ് എന്നീ മൂന്ന് വേരിയന്റുകളിലാണ് ബിഎസ് 6 ഹോണ്ട ആക്റ്റിവ 125 ലഭിക്കുന്നത്. യഥാക്രമം 67,490 രൂപ, 70,990 രൂപ, 74,490 രൂപയാണ് ഡെല്‍ഹി എക്സ് ഷോറൂം വില. മൂന്ന് വര്‍ഷ വാറന്റിയോടെയാണ് പുതിയ ആക്റ്റിവ 125 വിപണിയിലെത്തിയത്. ഇത് മൂന്ന് വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാം.
ഡിജിറ്റല്‍-അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 'ശബ്ദമില്ലാത്ത' സ്റ്റാര്‍ട്ടര്‍ സിസ്റ്റം, ഐഡില്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സിസ്റ്റം എന്നിവ പുതിയ ഫീച്ചറുകളില്‍ ചിലതാണ്. പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തല്‍സമയ ഇന്ധനക്ഷമത ഡിസ്പ്ലേ ചെയ്യും. എന്ജിന് ഇന്‍ഹിബിറ്റര്‍ സഹിതം സൈഡ് സ്റ്റാന്‍ഡ് ഡൗണ്‍ ഇന്‍ഡിക്കേറ്റര്‍, ഗ്ലൗവ് ബോക്സ്, പുറമേക്കൂടി ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം എന്നിവ മറ്റ് പരിഷ്കാരങ്ങളാണ്.






