
ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ പ്രീമിയം ഹാച്ച്ബാക്കായ ബലേനൊയുടെ ഇതുവരെയുള്ള മൊത്തം വില്പന ഏഴു ലക്ഷം യൂണിറ്റ് പിന്നിട്ടു. 2015 ഒക്ടോബറിലാണ് ബൊലെനോ അരങ്ങേറ്റം കുറിച്ചത്.
2015 ജനുവരി അവസാനത്തോടെ തന്നെ 7,20,733 യൂണിറ്റിന്റെ വില്പന കൈവരിച്ചതായാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ 52 മാസത്തിനിടെ 7.20 ലക്ഷം യൂണിറ്റ് വില്പന നേടിയതോടെ ബലേനൊയുടെ പ്രതിമാസ ശരാശരി വില്‍പ്പന 13,860 യൂണിറ്റോളമാണ്. ഇതുവരെയുള്ള വില്പനയില് 6,16,867 ബലേനൊ പെട്രോള്‍ എന്ജിനുള്ളവയായിരുന്നു. 1,03,866 എണ്ണം മാത്രമാണു ഡീസല്‍ എന്ജിനുള്ളവ.
രണ്ടു ലക്ഷം മുതല്‍ ആറു ലക്ഷം വരെയുള്ള കുതിപ്പില്‍ ഓരോ ആറു മാസത്തിനിടയിലും ഓരോ ലക്ഷം യൂണിറ്റ് വില്പന കൈവരിക്കാന്‍ ബലേനൊയ്ക്കു സാധിച്ചു. വാഹന വിപണി കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനാല്‍ നടപ്പു സാമ്പത്തിക വര്‍ഷം മാത്രമാണ് വില്‍പ്പന ഒരു ലക്ഷം തികയാന്‍ ഏഴു മാസത്തോഴമെടുത്തത്. നടപ്പു സാമ്പത്തിക വര്‍ഷം 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെയുള്ള 10 മാസത്തിനിടെ 1,52,422 ബലേനൊയാണു നിരത്തിലെത്തിയത്. 2018 ഏപ്രില്‍ 2019 ജനുവരിയില്‍ വിറ്റ 1,77,122 കാറുകളെ അപേക്ഷിച്ച് 14% ഇടിവാണിത്.
എന്നാല്‍ സ്ഥിതിഗതി സാധാരണനിലയിലാവുകയാണെന്ന സൂചനയും കഴിഞ്ഞ മാസങ്ങളിലെ ബലേനൊ വില്പന നല്‍കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ഏറ്റവും മികച്ച വില്‍പ്പനയായ 20,485 യൂണിറ്റാണ് ജനുവരിയില്‍ 'ബലേനൊ' രേഖപ്പെടുത്തിയത്. 2019 ഡിസംബറില്‍ 18,464 യൂണിറ്റ് വിറ്റ സ്ഥാനത്താണിത്.
ഇന്ത്യയില്‍ ആറു ലക്ഷം യൂണിറ്റ് വില്‍പ്പന കൈവരിക്കുന്ന ആദ്യ പ്രീമിയം ഹാച്ച്ബാക്കും ബലേനൊ ആയിരുന്നു. മാരുതി സുസുക്കി ഇന്ത്യയുടെ പ്രീമിയം ഡീലര്‍ഷിപ് ശൃംഖലയായ നെക്സ വഴിയാണു ബലേനൊ വില്പനയ്ക്കെത്തുന്നത്. ശക്തമായ മത്സരത്തിനിടയിലും കഴിഞ്ഞ അഞ്ചു സാമ്പത്തിക വര്‍ഷങ്ങളിലും തുടര്‍ച്ചയായ വില്‍പ്പന വളര്‍ച്ച കൈവരിച്ചാണു ബലേനൊ മുന്നേറിയത്.






