
മോസ്കോ: ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇതിഹാസ താരം മരിയ ഷറപ്പോവ. അഞ്ചു തവണ ഗ്രാന്‍ഡ്സ്ലാം കിരീടം ചൂടിയ, ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടെന്നീസ് ഗ്ലാമര്‍ താരമാണ് അന്താരാഷ്ട്ര ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 32-ാമത്തെ വയസിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ടെന്നീസ്.. ഞാന്‍ ഗുഡ്ബൈ പറയുന്നു, 28 വര്‍ഷത്തിനു ശേഷം അഞ്ചു ഗ്രാന്‍ഡ്സ്ലാം കിരീടവും കൊണ്ട്, ഇനി മറ്റൊരു മൗണ്ടെയ്ന് തേടാന്‍ ഞാന്‍ തയാറാണ്.. വോഗ് ആന്‍ഡ് വാനിറ്റി ഫെയര്‍ മാഗസിനായി എഴുതിയ എക്സ്€ൂസീവ് ആര്ട്ടിക്കിളിലുടെയാണ് 32 കാരി വിരമിക്കല്‍ പ്രഖ്യാപിച്ചത്.
2016 ല്‍ ഓസ്ട്രേലിയന്‍ ഓപ്പണിനു ശേഷം ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഷറപ്പോവ 15 മാസം വിലക്ക് നേരിട്ടിരുന്നു. തുടര്‍ന്ന് കോര്‍ട്ടില്‍ തിരിച്ചെത്തിയ ഷറപ്പോവയ്ക്ക് തിളങ്ങാനായില്ല. നിലവില്‍ 373-ാം റാങ്കിലാണ് താരം. 2004 ല്‍ 17-ാം വയസിലാണ് ഷറപ്പോവ വിമ്പിള്‍ഡന്‍ കിരീടം നേടി താരമായത്. 2005 ല്‍ ലോക ഒന്നാം നമ്പറായ റഷ്യക്കാരി അടുത്ത വര്‍ഷം യുഎസ് ഓപ്പണും നേടി.






