
കൊല്ലം: കാണാതാകുകയും പിന്നീട് മരണമടഞ്ഞ നിലയില്‍ കണ്ടെത്തുകയും ചെയ്ത ഏഴു വയസ്സുകാരി ദേവനന്ദയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രമുഖരും. ദേവനന്ദയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അനുശോചനം രേഖപ്പെടുത്തി.
വിദ്യാഭ്യാസമന്ത്രി സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്തിയപ്പോള്‍ മരണം ഏറെ വേദനിപ്പിക്കുന്നുവെന്ന് മന്ത്രി ഇ.പി.ജയരാജനും വ്യക്തമാക്കി. ഇന്നലെ കാണാതായ ദേവനന്ദയെ വീടിന് സമീപത്തെ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തുകയായിരുന്നു.
ദേവനന്ദയുടെ മരണത്തിൽ സൂപ്പര്‍താരം മമ്മൂട്ടിയും ആദരാഞ്ജലി അറിയിച്ചു. യുവതാരങ്ങളായ ദുൽഖർ സൽമാൻ, അജു വർഗീസ്, നിവിൻ പോളി തുടങ്ങിയവരും ആദരാഞ്ജലികൾ നേർന്നു. ഒരുനാടിന്റെ തിരച്ചില്‍ വിഫലമായെന്ന് കുഞ്ചാക്കോ ബോബന് ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇന്നലെ ദേവനന്ദയെ കാണാതായതിന് പിന്നാലെ തെരച്ചില്‍ നടക്കുമ്പോള്‍ വിവിധ നടന്മാരും പെണ്‍കുട്ടിയുടെ ചിത്രം തങ്ങളുടെ സാമൂഹ്യ മാധ്യമ പേജിലൂടെ പങ്കുവെച്ചു. നടന്മാരായ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ളവരും ചിത്രം പങ്കുവച്ചു.
മരണത്തിൽ ദുരൂഹത കാണുന്നില്ലെന്ന് നേരത്തേ എംപി എന്‍.കെ.പ്രേമചന്ദ്രന് പറഞ്ഞിരുന്നു. മരണത്തില്‍ പഴുതടച്ചുള്ള അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി മെഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. ഇന്നലെ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ദേവനന്ദയെ കാണാതായത്.






