ന്യുഡല്‍ഹി: ഡല്‍ഹിയില്‍ വിദ്വേഷ പ്രസംഗം നടത്തിയ കപില്‍ മിശ്രയെ അറസ്റ്റ് ചെയ്യണമെന്ന് ഡല്‍ഹി സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥി യൂണിയന്. കപില്‍ മിശ്രയുടെ വര്‍ഗീയവും പ്രകോപനപരവുമായ പ്രസംഗം തങ്ങളുടെ സ്ഥാപനത്തെ കളങ്കപ്പെടുത്തിയെന്നും യൂണിയന് കുറ്റപ്പെടുത്തി.
ഞങ്ങളുടെ സ്ഥാപനത്തിന് ഒരു ഭാഗത്ത് പ്രശംസാവഹമായ ഭൂതകാലമുണ്ട്. അതേസമയം മറുവശത്ത് ഡല്‍ഹി കലാപം സംഘടിപ്പിക്കുകയും നഗരത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കുകയും ചെയ്ത പൂര്‍വ വിദ്യാര്‍ത്ഥിയുമായ കപില്‍ മിശ്ര എന്ന ദോഷവും ഉണ്ടെന്ന് വിദ്യാര്‍ത്ഥി യൂണിയന് പ്രസ്താവിച്ചു.
കഴിഞ്ഞ 3-4 ദിവസമായി മതസൗഹാര്‍ദത്തിന്റെ അന്തരീക്ഷം നഷ്ടപ്പെടുകയും നിരവധി മനുഷ്യരുടെ ജീവന് നഷ്ടപ്പെടുകയും ചെയ്തു. ആയിരക്കണക്കിന് ആളുകള്‍ക്ക് വീടും ജീവനോപാധിയും നഷ്ടപ്പെട്ടു. ഞങ്ങളുടെ കോളജില്‍ സാമൂഹ്യ സേവനം പഠിച്ച വ്യക്തിയെന്ന നിലയില്‍ കപില്‍ മിശ്രയുുടെ പേരില്‍ ഞങ്ങള്‍ക്ക് അപമാനമാണ്. കപില്‍ മിശ്രയുടെ വര്‍ഗീയ പ്രസംഗം തങ്ങളുടെ സ്ഥാപനത്തിന് കളങ്കം ചാര്‍ത്തിയെന്നും യൂണിയന് കുറ്റപ്പെടുത്തി.






