
ആമസോണ്‍ പ്രൈംടൈമും നെറ്റ്ഫ്ളിക്സും ഹൊറര്‍ സീരീസുകളുടെ മായക്കാഴ്ചകള്‍ നല്കുന്ന ഈ കാലത്ത് പ്രേക്ഷകരെ പേടിപ്പിച്ചിരുത്താന്‍ കഴിയുന്ന സിനിമകളെടുക്കുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. കോണ്‍ജുറിങ്ങ് പോലെയുള്ള ഹോളിവുഡ് സിനിമകള്‍ കണ്ടുശീലിച്ച മലയാളിയെ ഭയപ്പെടുത്തുക എന്നതും ശ്രമകരമായ ഒരു ദൗത്യംതന്നെയാണ്. കാരണം പുത്തന്‍സാങ്കേതിക വിദ്യകളുടെ മികവില്‍ നമ്മുടെ കാഴ്ചാശീലങ്ങളെത്തന്നെ മാറ്റിമറിച്ച ദൃശ്യവിസ്മയങ്ങളുമായാണ് ഒരു പുതിയ ഹൊറര്‍ സിനിമ താരതമ്യം ചെയ്യപ്പെടുന്നത്. ഭാര്ഗവീനിലത്തില് തുടങ്ങി ആകാശഗംഗയുടെ രണ്ടാം ഭാഗത്തിലെത്തി നില്ക്കുന്ന മലയാള ഹൊറര്‍ സിനിമകളുടെ ശ്രേണിയില്‍നിന്നു വ്യത്യസ്തമായി പ്രേക്ഷകനെ ഉദ്വേഗജനകമായ നിമിഷങ്ങളിലൂടെ കടത്തിവിട്ട് ഈ വെല്ലുവിളി ഏറ്റെടുക്കുകയാണ് ചടുലമായ കഥ പറച്ചിലിലൂടെ ജോസ് തോമസിന്റെ 'ഇഷ' എന്ന ഹൊറര്‍ ത്രില്ലര്‍.
കടുംനിറങ്ങളാല്‍ സമ്പന്നമായ മന്ത്രവാദക്കളവും ചുവന്ന പട്ടുടുത്ത ചോരചുവപ്പന്‍ കണ്ണുകളുള്ള മന്ത്രവാദിയും അഴിച്ചിട്ട മുടിയും വെള്ളസാരിയുമൊക്കെയുള്ള പ്രേത- ഹൊറര്‍ സിനിമകളാണ് മലയാളിയുടെ കാഴ്ചയ്ക്കു മുന്നില്‍ ഇതുവരെ എത്തിയിട്ടുള്ളത്. തീയേറ്ററില്‍ പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിച്ച കുടുംബചിത്രങ്ങളുടെ സംവിധായകന് ജോസ് തോമസ് അത്ഭുതകരമായ ഒരു ചുവടുമാറ്റത്തിലൂടെ കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി അമ്പരപ്പിക്കുകയാണ് തന്റെ പുതിയ ചിത്രമായ 'ഇഷ'യിലൂടെ.
ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന സാങ്കേതികത്തികവില്‍ പേടിപ്പെടുത്തുന്ന ദൃശ്യഭാഷയും പതിവുരീതികളില്‍നിന്നു വ്യത്യസ്തമായി ഔചിത്യ ബോധത്തോടെ ഉപയോഗിച്ചിരിക്കുന്ന മികച്ച ശബ്ദസംവിധാനവും പശ്ചാത്തലസംഗീതവും ഈ ചിത്രത്തെ വേറിട്ടുനിര്‍ത്തുന്നു.
വര്‍ത്തമാനകാല കേരളസമൂഹം ഹൃദയവേദനയോടെയും അഭിമുഖീകരിക്കുന്ന ഒരു സാമൂഹിക വിഷയമാണ് സിനിമ പറയുന്നത്. നിര്‍ഭയയും വാളയാറിലെ പെണ്‍കുട്ടികളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി നമ്മുടെ ഉറക്കംകെടുത്തുമ്പോള്‍, തന്നെ മൃഗീയമായി കൊലപ്പെടുത്തിയവരോട്, നീതി നിഷേധിച്ച സമൂഹത്തോട് ഒരു പെണ്‍കുട്ടിക്ക് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഈ സിനിമ. മാധ്യമങ്ങളും പോലീസും നാട്ടുകാരും തുന്നിക്കൂട്ടിയെടുക്കുന്ന കെട്ടുകഥകള്‍ സമൂഹമാധ്യമങ്ങിലൂടെ നുരകിപ്പുളയക്കുമ്പോള് നേരിന്റെ അതിജീവനത്തിനായി പുതുവഴികള്‍ തേടുകയാണ് അവള്.
കേരളത്തിലെ ഒരു മലയോര എസ്റ്റേറ്റില്‍ പതിനാലുകാരിയായ ഇഷ എന്ന പെണ്‍കുട്ടിയുടെ ക്രൂരമായ കൊലപാതകത്തില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. ഒരു നാടിനെയാകെ ഞെട്ടിച്ച ആ കൊലപാതകത്തിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ദുരൂഹതകള്‍ വെളിച്ചത്തു കൊണ്ടുവരികയാണ് തികച്ചും വേറിട്ടരീതിയില്‍ ഈ സിനിമയില്‍.
സംവിധായകന്റേതു തന്നെയാണ് തിരക്കഥ. പതിവില്‍നിന്നു വിപരീതമായി വിശ്വാസത്തെ കൂട്ടുപിടിക്കാതെ ശാസ്ത്രീയമായ കാഴ്ചപ്പാടിലാണ് തിരക്കഥാരചന. എസ്റ്റേറ്റ് ഉടമയായ മാര്ട്ടിന് രണ്ടാം വിവാഹത്തില്‍ ഉണ്ടായ കുട്ടിയാണ് ഏയ്ഞ്ചല്‍. ഇപ്പോള്‍ ഏയ്ഞ്ചലിന്റെ അമ്മയും മാര്‍ട്ടിനും വിവാഹമോചിതരാണ്. അപ്രതീക്ഷിതമായി ഏയ്ഞ്ചലിന്റെ സ്വഭാവത്തില്‍ പെട്ടെന്നൊരു മാറ്റമുണ്ടാകുന്നു. ഒരുതരം ബാധ കൂടിയതുപോലെ. പിന്നീടുള്ള ഒരോ നിമിഷവും പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി സിനിമ മുന്നേറുന്നു.
ചെറിയ ഒരിടവേളയ്ക്കുശേഷം ഇംതിയാസ് മുനവര്‍ എന്ന പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്ററായി കിഷോര്‍ സത്യ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. പൂര്‍വമാതൃകകളില്ലാത്ത ഈ വേഷം അതീവസൂക്ഷമതയോടെയാണ് മനോഹരമായി കിഷോര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ടൈറ്റില്‍ കഥാപത്രമായ ഇഷയെ അവതരിപ്പിക്കുന്നത് പുതുമുഖം ഇഷ അനിലാണ്. അതിശയിപ്പിക്കുന്ന പ്രകടനമാണ് ഈ പെണ്‍കുട്ടി കാഴ്ചവെച്ചിരിക്കുന്നത്. മാര്‍ഗരറ്റ് ആന്റണി, ബേബി ആവണി എന്നിവരും നന്നായി. പതിവു വേഷങ്ങളില്‍നിന്ന് വ്യത്യസ്തമായി വിജയ് മേനോന് ഒരു വൈദികനായി വേഷമിടുന്നു. എടുത്തുപറയേണ്ടത് പുതുമുഖങ്ങളായ തോമസ് റോയി, അഡ്വ. ഗിരിഷ് നെയ്യാര്‍, പ്രമോദ് വെളിയനാട് എന്നിവരുടെ പ്രകടനങ്ങളാണ്. പ്രത്യേകിച്ചും നാടകനടനായ പ്രമോദിന്റേത് അത്ഭുതകരമായ പകര്‍ന്നാട്ടമാണ്. മാര്‍ട്ടിനായി അഭിഷേക് വിനോദിന്റെ അഭിനയവും മികച്ചതായി.
ഹൊറര്‍ സിനിമകളുടെ ആത്മാവുതന്നെ അതിലെ സംഗീതമാണ്. ജോന്നാഥന്‍ ബ്രൂസ് സംഗീതം ഈ ചിത്രത്തിന് മുതല്കൂട്ടാകുന്നു. റീ- റെക്കോര്‍ഡിംഗ് അശ്വിന് ജോണ്സണ്. ഛായാഗ്രഹണം- സുകുമാര്‍ എം.ഡി. വി. സാജനാണ് എഡിറ്റിങ്.
പ്രേക്ഷകനെ മുള്‍മുനയില്‍ നിര്‍ത്തി ഇഷ ഈ വര്‍ഷത്തെ തന്നെ ഏറ്റവും മികച്ച സിനിമാ അനുഭവമാകുന്നു.