
സംവിധായകന് ജോസ് തോമസിന്റെ ആദ്യ ഹൊറര്‍ ചിത്രം ഇഷ ഇന്നലെയാണ് റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണത്തോടെ ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അതേസമയം ചിത്രത്തെ ഡിഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി ഫേസ്ബുക്ക് ലൈവിലൂടെ രംഗത്തെത്തയിരിക്കുകയാണ് ഇഷയുടെ സംവിധായകന് ജോസ് തോമസും നടന് കിഷോര്‍ സത്യയും.
പണം നല്കിയാല് സിനിമ ഗംഭീരമെന്ന് എഴുതാമെന്ന വാഗ്ദാനവുമായ് സമീപിച്ചവര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഇഷയെന്ന ചിത്രത്തിനെതിരെ മോശം പ്രചരണം നടത്തുന്നുവെന്ന് സംവിധായകന് വിഡിയോയില്‍ പറയുന്നു. സിനിമയുടെ ഓണ്‍ലൈന്‍ പ്രമോഷനായി സമീപിച്ചവരോട് റിവ്യൂ നിങ്ങള്‍ സിനിമ കണ്ട് സത്യസന്ധമായി എഴുതിയാല്‍ മതിയെന്നാണ് പറഞ്ഞത്. സിനിമ മോശമാണെങ്കില്‍ മോശമെന്ന് നിരൂപണം എഴുതുന്നതില്‍ വിയോജിപ്പില്ല. പണം കിട്ടാത്തതിന്റെ പേരില്‍ മോശമായി നിരൂപണം എഴുതുന്നത് അംഗീകരിക്കാനാകില്ലെന്നും ഫേസ്ബുക്ക് ലൈവില്‍ സംവിധായകന്.
സ്വര്ണ്ണക്കടുവയ്ക്ക് ശേഷം ജോസ് തോമസ് ഒരുക്കുന്ന ചിത്രമാണ് ഇഷ. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് സംവിധായകന് തന്നെയാണ്. മാട്ടുപ്പെട്ടി മച്ചാന്, മായാമോഹിനി, ഉദയപുരം സുല്‍ത്താന്‍ എന്നീ വിജയ ചിത്രങ്ങളൊരുക്കിയ ജോസ് തോമസ് സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലറാണ് ഇഷ. കിഷോര്‍ സത്യയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.






