
കാത്തിരിപ്പിന് വിരാമമിട്ട് ആട് 3 വീണ്ടും. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നീ സിനിമകളുടെ സംവിധായകനായ മിഥുന് മാനുവല്‍ തോമസ് തന്നെയാണ് ചിത്രം തുടങ്ങുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പിന്നാലെ നിര്‍മ്മാതാവ് വിജയ് ബാബു, നടന്മാരായ ജയസൂര്യ, ഇന്ദ്രന്‍സ് തുടങ്ങിയവരും ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്.
ആട് സിനിമയുടെ ഹിറ്റ് കോമ്പോ തന്നെയാണ് സിനിമയുടെ മൂന്നാം ഭാഗത്തിലും. ഭയം ഒഴിവാക്കാന്‍ അതില്‍ നിന്ന് ഓടിമാറാന്‍ ശ്രമിക്കുകയാണ്, വിധി എപ്പോഴും ഒരുപോലെ എത്തിച്ചേരുന്നു...ലോഡിങ്...എന്ന് കുറിച്ച് കൊണ്ട് ആട് 3യുടെ തിരക്കഥയുടെ കവര്‍ പങ്കുവച്ചിരുന്നു.
കഴിഞ്ഞ രണ്ട് ഭാഗങ്ങളിലേതുപോലെ ഷാജി പാപ്പനായി ജയസൂര്യ, ഡ്യൂഡായി വിനായകന്, അറക്കല്‍ അബുവായി സൈജു കുറുപ്പ്, ശശി ആശാനായി ഇന്ദ്രന്‍സ്, സര്‍ബത്ത് ഷമീറായി വിജയ് ബാബു എന്നിവര്‍ വീണ്ടും എത്തുകയാണ്.
ആട് മൂന്നാം ഭാഗം ത്രീഡി ആയിരിക്കുമെന്ന് സംവിധായകന് മിഥുന് നേരത്തെ വെളിപ്പെടുത്തിയുരന്നു. ആദ്യ രണ്ട് ഭാഗങ്ങളിലേത് പോലെ തന്നെ മൂന്നാം ഭാഗവും നിര്‍മ്മിക്കുന്നത് വിജയ് ബാബു തന്നെയാണ്. ഷാന്‍ റഹ്മാനാണ് സംഗീതം.






