
ഫഹദ് ഫാസിലും നസ്രിയയുടെ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ട്രാന്‍സിലെ പുതിയ ഗാനം പുറത്തിറങ്ങി. 'തുള്ളിച്ചാടി' എന്നുള്ള ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. പാസ്റ്റര്‍ ജോഷ്വ കാള്‍ട്ടനായി ഫഹദ് തകര്‍ത്താടുന്ന ഗാനത്തില്‍ നസ്രിയയുടെ ദിലീഷ് പോത്തനുമുണ്ട്.
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ജാക്സണ് വിജയന് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. നേഹ നായര്‍, മേരി വിജയ, സംഗീത്, ജോബ് കുര്യന്, അനൂപ് മോഹന്‍ദാസ്, ആതിര ജോബ് എന്നിവര്‍ ചേര്‍ന്നാണ് ഗാനത്തിന്റെ ആലാപനം.
അന്‍വര്‍ റഷീദ് 7 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാനം ചെയ്തിരിക്കുന്ന ട്രാന്‍സ് തീയറ്ററുകളില്‍ നിറഞ്ഞ പ്രദര്‍ശനം തുടരുകയാണ്. അന്‍വര്‍ റഷീദ് എന്റര്‍ടെന്‍മെന്റ്സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം സൗബിന്, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്മ്മജന് തുടങ്ങിയവരാണ് അഭിനയിച്ചിട്ടുള്ളത്.
ബാംഗ്ലൂര്‍ ഡേയ്സ്, പ്രേമം, പറവ, വലിയ പെരുന്നാള്‍ എന്നീ സിനിമകള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെന്‍മെന്റ്സ് നിര്‍മ്മിക്കുന്ന സിനിമയാണ് ട്രാന്‍സ്. അമല്‍ നീരദാണ് ഛായാഗ്രാഹണം.






