
ക്രൈസ്റ്റ്ചര്‍ച്ച്: ക്രിക്കറ്റിന്റെ മാന്യത തെളിയിച്ച പരമ്പരയിായിരുന്നു ഇന്ത്യ-ന്യൂസിലന്‍ഡും തമ്മിലുള്ള പര്യടനം. ഇടു ടീമുകളിലേയും താരങ്ങള്‍ തമ്മില്‍ പരസ്പരം പ്രകോപിപ്പിച്ചുള്ള സംസാരമോ ഒന്നും ഗ്രൗണ്ടില്‍ കണ്ടില്ല. എന്നാല്‍ സമ്പൂര്‍ണ പരാജയത്തിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവെ എന്നാല്‍ ഇന്ത്യന്‍ നായകന്റെ ക്ഷമ കൈവിട്ടു.
ഗ്രൗണ്ടിലെ കോഹ്ലിയുടെ ആഘോഷ പ്രകടനങ്ങളുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചപ്പോഴാണ് കോഹ്ലി മാധ്യമ പ്രവര്‍ത്തകനോട് ചൂടായത്. കളി കാണാനെത്തിയ ആരാധകരെ നിശബ്ദരാക്കാന്‍ ചുണ്ടില്‍ വിരല്‍വച്ച് കോഹ്ലി ആംഗ്യം കാണിച്ചിരുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യമുന്നയിച്ചപ്പോഴാണ് കോഹ്ലി പ്രകോപിതനായത്.
ഗ്രൗണ്ടിലെ നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ കുറച്ചുകൂടി മെച്ചപ്പെട്ട സ്വഭാവം ഉണ്ടാകണമെന്ന് ചിന്തിക്കുന്നില്ലേ? നിങ്ങള്‍ക്ക് എന്നാണ് തോന്നുന്നത്? എന്നായിരുന്നു കോഹ്ലിയുടെ മറുചോദ്യം. ഞാന്‍ നിങ്ങളോട് ചോദ്യം ചോദിക്കുകയാണ് എന്ന് മാധ്യമപ്രവര്ത്തകന് ചോദിച്ചപ്പോള്‍ ഞാന്‍ നിങ്ങളോട് ഉത്തരം ചോദിക്കുകയായിരുന്നു എന്നായിരുന്നു കോഹ്ലിയുടെ മറുപടി.
തുടര്‍ന്ന് ഗ്രൗണ്ടില്‍ നല്ല മാതൃകയാണ് കോഹ്ലി കാണിക്കേണ്ടതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ പ്രതികരണം. കാര്യം എന്താണെന്ന് മനസിലാക്കി നല്ല ചോദ്യങ്ങളുമായി വരണമെന്ന് കോഹ്ലിയും തിരിച്ചടിച്ചു. വിവാദം ഉണ്ടാക്കാനുള്ള സ്ഥലം ഇതല്ലെന്നും, താന്‍ മാച്ച് റഫറിയുമായി അക്കാര്യത്തെക്കുറിച്ച് സംസാരിച്ചെന്നും എന്നാല്‍ അദേഹത്തിന് പ്രശ്നങ്ങളില്ലെന്നും കോഹ്ലി കൂട്ടിച്ചേര്‍ത്തു.






