
ഫഹദ് ഫാസിലിന്റെ ബിഗ് ബജറ്റ് ചിത്രമായ മാലിക്കിന്റെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത്. ടേക്ക് ഓഫിന് ശേഷം സംവിധായകന് മഹേഷ് നാരായണനും ഫഹദും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് മാലിക്. നിമിഷ സജയനാണ് മാലിക്കിലെ നായിക. രമേഷ് പിഷാരടി, സത്യന് അന്തിക്കാട്, തുടങ്ങിയവരും പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
അല്പതു കഴിഞ്ഞ സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. തീരദേശ ജനതയുടെ നായകനായാണ് ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സുലൈമാന്റെ 20 വയസുമുതല്‍ 55 വയസുവരെയുള്ള കാലഘട്ടം സിനിമയില്‍ കാണിക്കുന്നുണ്ട്. ഫഹദും മഹേഷ് നാരായണനും ഈ രണ്ട് കാരണങ്ങള്‍ മതി മാലിക്കിനായി കാത്തിരിക്കാനെന്ന് പോസ്റ്റര്‍ പങ്കുവച്ച് സത്യന് അന്തിക്കാട് കുറിച്ചു.
ചിത്രത്തിനായി ഫഹദ് 20 കിലോയോളം ശരീരഭാരം കുറച്ചിരുന്നു. മെലിഞ്ഞ രൂപത്തിലുളള ഫഹദിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്, വിനയ് ഫോര്‍ട്ട്, ജലജ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.
പൊളിറ്റിക്കല്‍ ത്രില്ലറായ മാലിക്ക് 30 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് നിര്‍മ്മാണം. ഹോളിവുഡ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ ലീ വിറ്റാക്കറാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. ഛായാഗ്രഹണം സനു ജോണ്‍ വര്‍ഗീസ്, സംഗീതം സുഷിന് ശ്യാം, എഡിറ്റിങ് മഹേഷ് നാരായണന്, പ്രൊഡക്ഷന്‍ ഡിസൈനിങ് സന്തോഷ് രാമന്, സൗണ്ട് മിക്സിങ് വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ എന്നിവരാണ്.






