
ഇന്ത്യയില്‍ ജീപ്പിന്റെ കരുത്തന് എസ്യുവി മോഡലായ റാങ്ക്ളര്‍ റൂബിക്കോണ്‍ അവതരിപ്പിച്ചു. 68.94 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. റാങ്ക്ളര്‍ അണ്‍ലിമിറ്റഡിന്റെ കരുത്തേറിയ പതിപ്പായ റൂബിക്കോണ്‍ മാര്‍ച്ച് 15 മുതല്‍ നിരത്തുകളിലെത്തും. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് റാങ്ക്ളറിന് കരുത്തേകുന്നത്. ഈ എന്ജിന് 268 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്സ്മിഷന്. 4X4 ഡ്രൈവിങ്ങ് മോഡും ഇതില്‍ ഒരുക്കിയിട്ടുണ്ട്.
4822 എംഎം നീളവും 1894 എംഎം വീതിയും 1848 എംഎം ഉയരവും 3008 എംഎം വീല്‍ബേസുമാണ് റാങ്ക്ളര്‍ റൂബിക്കോണിനുള്ളത്. ആഡംബരം വിളിച്ചോതുന്ന ഇന്റീരിയറും റൂബിക്കോണിനുണ്ട്. ജീപ്പ് ലോഗോ പതിപ്പിച്ച ലെതര്‍ ആവരണമുള്ള സീറ്റുകള്‍, തുകല്‍ പൊതിഞ്ഞ സ്റ്റിയറിങ്ങ് വീല്‍, സോഫ്റ്റ് ടച്ച് ലെതര്‍ ഡാഷ്ബോഡ്, ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എല്‍ഇഡി ആംബിയന്റ് ലൈറ്റ് എന്നിവയാണ് വാഹനത്തിന്റെ ഇന്റീരിയര്‍. ബോഡി കളറിലുള്ള ഗ്രില്ല്, ബ്ലാക്ക് ഫെന്‍ഡര്‍, എല്‍ഇഡി ഹെഡ്ലാമ്പ്, ഫോഗ് ലൈറ്റ്, ഡിആര്‍എല്‍, ഓഫ് റോഡിന് ഇണങ്ങുന്ന ബമ്പര്‍, വലിയ ബോണറ്റ് എന്നിവയാണ് ഈ വാഹനത്തിന്റെ മുന്‍വശത്തെ അലങ്കരിക്കുന്നത്.






