
റിയല്‍മിയുടെ ആദ്യ ഫിറ്റ്നസ് ബാന്‍ഡ് പുറത്തിറക്കി. റിയല്‍ ടൈം ഹാര്‍ട്ട് റേറ്റ് മോണിറ്ററും, കളര്‍ ഡിസ്പ്ലേയും, യുഎസ്ബി ഡയറക്ട് ചാര്‍ജ്, സ്മാര്‍ട് നോട്ടിഫിക്കേഷന്‍ സൗകര്യങ്ങളും റിയല്‍മി ബാന്‍ഡിലുണ്ട്. 1499 രൂപയാണ് റിയല്‍മി ബാന്‍ഡിന് വില. കറുപ്പ്, പച്ച, മഞ്ഞ നിറങ്ങളിലാണ് ബാന്‍ഡ് വിപണിയിലെത്തുക. റിയല്‍മി.കോമില് നിന്ന് ഇന്ന് മുതല്‍ ബാന്‍ഡ് വാങ്ങാം. ആമസോണിലും മറ്റ് ഓഫ് ലൈന്‍ സ്റ്റോറുകളിലും താമസിയാതെ ബാന്‍ഡ് വില്പനയ്ക്കെത്തും.
അഞ്ച് ഡയല് ഫെയ്സുകളും മൂന്ന് സ്ട്രാപ് കളര്‍ ഓപ്ഷനുകളുമാണ് റിയല്‍മി ബാന്‍ഡിനുള്ളത്. റിയല്‍മി ലിങ്ക് ആപ്പ് ഉപയോഗിച്ച് ഏത് ആന്‍ഡ്രോയിഡ് ഫോണുകളുമായും റിയല്‍മി ബാന്‍ഡ് ബന്ധിപ്പിക്കാം. ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി പ്രത്യേകം ക്രിക്കറ്റ് മോഡും റിയല്‍മി ബാന്‍ഡിലുണ്ട്. 80 x 160 പിക്സല്‍ റസലൂഷനുള്ള 0.96 ഇഞ്ച് കളര്‍ ടിഎഫ്ടി എല്‍സിഡി ഡിസ്പ്ലേ പാനലാണ് റിയല്‍മി ബാന്‍ഡിന്. ഒരു ടച്ച് ബട്ടനും ഇതിനുണ്ട്. റിയല്‍മി ലിങ്ക് ആപ്പ് വഴി അഞ്ച് ബ്രൈറ്റ്നസ് മോഡുകള്‍ ബാന്‍ഡില്‍ സെറ്റ് ചെയ്യാം. റിയല്‍മി ബാന്‍ഡില്‍ ഗ്രാവിറ്റി സെന്‍സറിന്റെ സഹായത്തോടെ കൈ ഉയര്‍ത്തുമ്പോള്‍ തന്നെ സ്ക്രീന്‍ തെളിയുന്ന സൗകര്യം ലഭ്യമാണ്.
കൃത്യതയുള്ള പിപിജി ഒപ്റ്റിക്കല്‍ ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, സ്ലീപ്പ് ക്വാളിറ്റി മോണിറ്റര്‍, തുടങ്ങിയ സൗകര്യങ്ങളും റിയല്‍മി ബാന്‍ഡിലുണ്ട്. നടത്തം, ഓട്ടം, യോഗ തുടങ്ങി ഒമ്പത് സ്പോര്‍ട്സ് മോഡുകള്‍ ഫിറ്റ്നസ് ബാന്‍ഡില്‍ ലഭിക്കും. ഇതില്‍ ഏതെങ്കിലും മൂന്നെണ്ണം നിങ്ങള്‍ക്ക് ബാന്‍ഡില്‍ സൂക്ഷിക്കാം. അഴുക്ക്, പൊടി, മണ്ണ്, വെള്ളം എന്നിവയില്‍ നിന്നും ഐപി68 സംരക്ഷണമാണ് ബാന്‍ഡിനുള്ളത്. ഫെയ്സ്ബുക്ക്, വാട്സാപ്പ്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍, ടിക് ടോക്ക്, യൂട്യൂബ് എന്നീ ആപ്ലിക്കേഷനുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ ബാന്‍ഡില്‍ കാണാം.






