ന്യൂഡല്‍ഹി: ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ രണ്ട് മലയാളം ചാനലുകളുടെ സംപ്രേക്ഷണം വിലക്കിയ നടപടിയില്‍ അന്വേഷണം വേണമെന്ന് നാഷണല്‍ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്. വകുപ്പ് മന്ത്രിയുടെ അറിവില്ലാതെയാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നത് ഗൗരവതരമാണെന്നും മന്ത്രി തന്നെ അന്വേഷണം നടത്തണമെന്നും നാഷണല്‍ ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് രജത് ശര്‍മ്മ ആവശ്യപ്പെട്ടു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നീ ചാനലുകളുടെ സംപ്രക്ഷേപണമാണ് 48 മണിക്കൂര്‍ നേരത്തേക്ക് വിലക്കിയത്. എന്നാല്‍ ഏഷ്യാനെറ്റ് ചാനലിന്റെ വിലക്ക് മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചു. ചാനല്‍ മാപ്പ് പറഞ്ഞുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്നാണ് വിലക്ക് നീക്കിയതെന്നും അദ്ദേഹം പറഞ്ഞു.





