
ഓപ്പോയുടെ ആദ്യ സ്മാര്‍ട് വാച്ച് പുറത്തിറക്കി. ഓപ്പോ വാച്ച് എന്ന് തന്നെയാണ് വാച്ചിന്റെ പേര്. ചൈനയില്‍ 1499 യുവാന്‍ ആണ് ഓപ്പോ വാച്ചിന് വില. ഇന്ത്യയില്‍ ഏകദേശം 15000 രൂപയോളം വിലവരും. 41 എംഎം, 46 എംഎം എന്നിങ്ങനെ രണ്ട് വലിപ്പങ്ങളിലാണ് ഓപ്പോ വാച്ച് എത്തുക. ഗൂഗിളിന്റെ വെയര്‍ ഓഎസ് അടിസ്ഥാനമാക്കി കളര്‍ ഓഎസിന്റെ സ്മാര്‍ട് വാച്ചുകള്‍ക്ക് വേണ്ടിയുള്ള കസ്റ്റം ഓഎസ് വേര്‍ഷനാണ് ഉപയോഗിച്ചിരിക്കുന്നത്.
46 എംഎം ഓപ്പോ വാച്ചിന് രണ്ട് മെറ്റീരിയല്‍ പതിപ്പുകളുണ്ട്. ഇതില്‍ അലൂമിനിയം നിര്‍മിതമായ മോഡല്‍ കറുപ്പ്, സ്വര്‍ണ നിറങ്ങളില്‍ ലഭിക്കും. ഇതിന് 1999 യുവാന്‍ ആണ് വില. ഇത് ഏകദേശം 20000 രൂപയോളം വരും. സ്റ്റീല്‍ നിര്‍മിതമാണ് രണ്ടാമത്തെ മോഡല്‍. ഇത് വെള്ളി നിറത്തിലുള്ള കേസും ഇറ്റാലിയന്‍ കാഫ് ലെതര്‍ സ്കിന്‍ സ്ട്രാപ്പും ഉള്‍പ്പടെ വാങ്ങാം. ഇതിന് 2499 യുവാന്‍ ആണ് വില (25000 രൂപയോളം). 300 എംഎഎച്ച് ബാറ്ററിയാണ് ഓപ്പോ വാച്ച് 41 എംഎം പതിപ്പിലുള്ളത്. 430 എംഎഎച്ച് ബാറ്ററിയാണ് 46 എംഎം മോഡലിലുള്ളത്. ഒരു ജിബി റാമും എട്ട് ജിബി സ്റ്റോറേജ് സൗകര്യവും ഓപ്പോ വാച്ചിലുണ്ട്.
ഫ്ളെക്സിബിള്‍ അമോലെഡ് ഡിസ്പ്ലേയുമായെത്തുന്ന ഓപ്പോ വാച്ചിന് രണ്ട് ബട്ടനുകളുണ്ട്. ഇതില്‍ 41 എംഎം പതിപ്പിന് 320 x 360 പിക്സല്‍ റസലൂഷനുള്ള 1.6 ഇഞ്ച് സ്ക്രീന്‍ ആണുള്ളത്. 46 എംഎം ഓപ്പോ വാച്ച് പതിപ്പിന് 102 x 476 പിക്സല്‍ റസലൂഷനുള്ള 1.91 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ വെയര്‍ 2500 ചിപ്പ് ആണ് ഓപ്പോ വാച്ചിന് ശക്തി പകരുന്നത്. എന്നാല്‍ അപ്പോളോ കോ പ്രൊസസറും ഇതിലുണ്ട്. ഊര്‍ജം സംരക്ഷിക്കേണ്ട സമയങ്ങളില്‍ വാച്ച് ക്വാല്‍കോം പ്രൊസസറില്‍ നിന്നും അപ്പോളോ പ്രൊസസറിലേക്ക് മാറുകയാണ് ചെയ്യുക.
ഓപ്പോ വാച്ചിന്റെ പ്രധാന സവിശേഷത അതിലെ ഇ-സിം സൗകര്യമാണ്. നിങ്ങളുടെ ഫോണിലെ നിലവിലുള്ള ഫോണ്‍ നമ്പര്‍ തന്നെ ഇതില്‍ ബന്ധിപ്പിച്ച് ഉപയോഗിക്കുകയോ വാച്ചിന് വേണ്ടി പുതിയ നമ്പര്‍ എടുക്കുകയോ ചെയ്യാം. വൂക്ക് ഫ്ളാഷ് ചാര്‍ജ് സാങ്കേതിക വിദ്യയുടെ പിന്തുണയില്‍ 75 മിനിറ്റില്‍ വാച്ച് ഫുള്‍ ചാര്‍ജ് ചെയ്യാനാവും. എന്നാല്‍ 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 18 മണിക്കൂര്‍ പ്രവര്‍ത്തിക്കാനുള്ള ചാര്‍ജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മാര്‍ച്ച് 24 മുതല്‍ ഓപ്പോ വാച്ച് ചൈനയില്‍ വില്പനയ്ക്കെത്തും. അന്താരാഷ്ട്ര വിപണിയില്‍ ഓപ്പോ വാച്ച് എപ്പോള്‍ മുതല്‍ ലഭ്യമാക്കുമെന്നത് പിന്നീട് പ്രഖ്യാപിക്കും.






