
ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് അപ്പാച്ചെ RR310 യുടെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ചത് ഈ വര്‍ഷം ആദ്യമാണ്. 2.40 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറും വില. ഇപ്പോഴിതാ സൈമണ്‍ ഡിസൈന്‍ എന്നൊരു സ്ഥാപനം RR310 -യുടെ ഒരു ഇലക്ട്രിക്ക് പതിപ്പിന്റെ ഡിസൈന്‍ സോഷ്യല്‍ മീഡിയായില്‍ പങ്കുവെച്ചിരിക്കുകയാണ്. മോട്ടോര്‍സൈക്കിളിന്റെ ഇലക്ട്രിക്ക് പതിപ്പ് അവതരിപ്പിക്കാനുള്ള പദ്ധതി നിര്‍മ്മാതാവിന് ഇല്ല.
എങ്കിലും ഡിസൈന്‍ ചെയ്തിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരിക്കുകയാണ്. ചിത്രങ്ങളില്‍ ടിവിഎസ് അപ്പാച്ചെ RR310 നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പിന്റെ അതേ രൂപകല്‍പ്പനയിലും, ഡിസൈനിലുമാണ്. മോട്ടോര്‍സൈക്കിളിന്റെ ഗ്രാഫിക്സ്, കളര്‍ സ്കീമില്‍ ചെറിയ മാറ്റങ്ങള്‍ നല്‍കിയിട്ടുണ്ട്. ടയറുകളില്‍ മാറ്റം കാണാം, മുന്നിലെ ടെലിസ്കോപ്പിക് ഷോക്ക് അബ്സോര്‍ബറുകള്‍ കാണാന്‍ സാധിക്കില്ല. ഭാവിയില്‍ അപ്പാച്ചെ RR310 യുടെ ഇലക്ട്രിക്ക് പതിപ്പ് വിപണിയില്‍ എത്തുമോ എന്നത് വ്യക്തതയില്ല. എന്നാല്‍ ഇതിനെ ഒരു കലാകാരന്റെ ഭാവനയുടെ ഒരു രൂപമായി വിശേഷിപ്പിക്കാം.
നിലവില്‍ വിപണിയില്‍ ബിഎസ് VI മോഡലുകളെ അവതരിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ടിവിഎസ്. അടുത്തിടെ ഐക്യൂബ് എന്നൊരു ഇലക്ട്രിക്ക് സ്കൂട്ടറിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ജൂപ്പിറ്റര്‍, അപ്പാച്ചെ RTR 200, അപ്പാച്ചെ RTR 160 എന്നിവയ്ക്ക് ശേഷം ബിഎസ് VI എഞ്ചിന് ലഭിക്കുന്ന കമ്പനി നിരയിലെ നാലാമത്തെ വാഹനമാണ് അപ്പാച്ചെ RR310.






