
ബിഎസ് 6 പാലിക്കുന്ന അപ്രീലിയ സ്കൂട്ടറുകള് വിപണിയില്‍ അവതരിപ്പിച്ചു. എസ്ആര്‍ 160, എസ്ആര്‍ 125, സ്റ്റോം 125 എന്നീ സ്കൂട്ടറുകളാണ് പുറത്തിറക്കിയത്. ബിഎസ് 6 എന്‍ജിനുകള്‍ നല്കി എന്നതൊഴിച്ചാല്‍, സ്കൂട്ടറുകളുടെ ഡിസൈന്‍, ഫീച്ചറുകള്‍ എന്നീ കാര്യങ്ങളില്‍ മാറ്റമില്ല. എല്ലാ സ്കൂട്ടറുകളിലെയും എന്‍ജിനുകള്‍ പുറപ്പെടുവിക്കുന്ന കരുത്തും ടോര്‍ക്കും ഏറെക്കുറേ സമാനമാണ്. ബിഎസ് 4 മോഡലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ സ്കൂട്ടറുകള്‍ക്കും 19,000 രൂപയോളം വില വര്‍ധിച്ചു.
എസ്ആര്‍ 160 റേസ്, എസ്ആര്‍ 160 കാര്‍ബണ്‍, എസ്ആര്‍ 160 സ്കൂട്ടറുകള്‍ക്ക് 160 സിസി, സിംഗിള്‍ സിലിണ്ടര്‍, 3 വാല്‍വ് എന്‍ജിനാണ് കരുത്തേകുന്നത്. 7,600 ആര്‍പിഎമ്മില്‍ 10.7 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 11.6 എന്‍എം ടോര്‍ക്കും ഈ മോട്ടോര്‍ ഉല്‍പ്പാദിപ്പിക്കും. എസ്ആര്‍ 125, സ്റ്റോം 125 മോഡലുകള്‍ 125 സിസി, സിംഗിള്‍ സിലിണ്ടര്‍ മോട്ടോര്‍ ഉപയോഗിക്കുന്നു. 7,250 ആര്‍പിഎമ്മില്‍ 9.4 ബിഎച്ച്പി കരുത്തും 6,250 ആര്‍പിഎമ്മില്‍ 9.9 എന്‍എം ടോര്‍ക്കും ഈ എന്ജിന് പുറപ്പെടുവിക്കും.






