
ന്യൂഡല്‍ഹി: കോവിഡ്-19 ഭീതിയില്‍ കായിക മത്സരങ്ങള്‍ ഉപേക്ഷിക്കുന്നത് തുടരുന്നു. രാജ്യത്ത് ഐപിഎല്‍ മത്സരങ്ങള്‍ നീട്ടിവെച്ചതിനു പിന്നാലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ഉപേക്ഷിച്ചു. പരമ്പരയില്‍ അവസാന രണ്ട് മത്സരളാണ് ഉപേക്ഷിച്ചത്. ധരംശാല വേദിയായി നിശ്ചയിച്ച ആദ്യ മത്സരം വ്യാഴാഴ്ച മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച പരമ്പര ഉപേക്ഷിച്ചത്.
ലക്നൗവിലും കൊല്‍ക്കത്തയിലുമായിരുന്നു ഏകദിന മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്.രാജ്യം അഭിമുഖീകരിക്കുന്ന ഇത്തരമൊരു സാഹചര്യത്തില്‍ ഐപിഎല്ലിനു പുറമെ ഏകദിന പരമ്പരയും ഉപേക്ഷിക്കുകയാണെന്ന് ബിസിസിഐ വക്താവ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് അറിയിച്ചു.
ഇരു ടീമുകളും രണ്ടാം മത്സരത്തിനായി വെള്ളിയാഴ്ച ലക്നൗവില്‍ എത്തിയിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കന്‍ ടീം ഡല്‍ഹിയില്‍ തിരിച്ചെത്തി എത്രയും വേഗം നാട്ടിലേക്ക് മടങ്ങാനാണ് തീരുമാനമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് നേരത്തെ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.






