
ഫേസ്ലിഫ്റ്റ് ചെയ്ത ടാറ്റ ടിഗോര്‍ ഇവി പരീക്ഷണ ഓട്ടം ആരംഭിച്ചു. പുതിയ ടിഗോര്‍ ഇവി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ടാറ്റ ടിഗോര്‍ ഇവി എക്സ്ഇ പ്ലസ്, എക്സ്എം പ്ലസ്, എക്സ്ടി പ്ലസ് എന്നീ മൂന്ന് വേരിയന്റുകളിലാണ് നിലവിലെ ലഭിക്കുന്നത്. തുടര്‍ന്നും മൂന്ന് വേരിയന്റുകള്‍ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.
പരീക്ഷണം നടത്തുന്ന ടിഗോര്‍ ഇവി ഫേസ്ലിഫ്റ്റിലും ടിഗോര്‍ ഫേസ്ലിഫ്റ്റില് കണ്ട അതേ പരിഷ്കരിച്ച മുന്‍ഭാഗമാണ് കാണുന്നത്. അതായത് പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍ ബംപര്‍, പുതിയ ഗ്രില്‍, പുതിയ ഹെഡ്ലാംപുകള്, പുതുക്കിപ്പണിത എയര്‍ ഡാം, പുതിയ ഹുഡ് എന്നിവയാണ് മുന്‍വശത്തെ പരിഷ്കാരങ്ങള്‍. പുതിയ ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍ നല്‍കിയേക്കും.
പുതിയ ടാറ്റ ടിഗോര്‍ ഇവി തുടര്‍ന്നും 21.5 കിലോവാട്ട് അവര്‍ ബാറ്ററി പാക്ക് ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 40 ബിഎച്ച്പി കരുത്തും 105 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സാധാരണ ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് 11.5 മണിക്കൂർ വേണം. എന്നാൽ, അതിവേഗ ചാര്‍ജിംഗ് സൗകര്യം പ്രയോജനപ്പെടുത്തിയാല്‍ 80 ശതമാനം ചാര്‍ജ് ചെയ്യുന്നതിന് രണ്ട് മണിക്കൂർ മതിയാകും. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 213 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും.






