
ഇന്ത്യയില്‍ സ്കോഡ കറോക്ക് എസ്യുവിയുടെ ബുക്കിംഗ് ആരംഭിച്ചു. 50,000 രൂപയാണ് ബുക്കിംഗ് തുക. ഓണ്‍ലൈനിലും രാജ്യത്തെ എല്ലാ ഡീലര്‍ഷിപ്പുകളിലും ബുക്കിംഗ് നടത്താം. അടുത്ത മാസം വിപണിയില്‍ അവതരിപ്പിക്കും. മെയ് ആറിന് ഡെലിവറി ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. സ്കോഡ കറോക്ക് എസ്യുവി പൂര്‍ണമായും നിര്‍മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് (സിബിയു രീതി).
ജീപ്പ് കോംപസ് എസ്യുവിയാണ് ഏറ്റവുമടുത്ത എതിരാളി. കഴിഞ്ഞ മാസം നടന്ന ഡെല്‍ഹി ഓട്ടോ എക്സ്പോയില്‍ എസ്യുവി പ്രദര്‍ശിപ്പിച്ചിരുന്നു. സ്കോഡയുടെ ഇന്ത്യാ ലൈനപ്പില്‍ കോഡിയാക്കിന് താഴെയും വിഷന്‍ ഐഎന്‍ കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ വേര്‍ഷന്‍ മുകളിലുമായിരിക്കും കറോക്ക് എസ്യുവിയുടെ സ്ഥാനം. കോംപാക്റ്റ് എസ്യുവിയുടെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,382 എംഎം, 1,841 എംഎം, 1,603 എംഎം എന്നിങ്ങനെയാണ്. 2,638 മില്ലി മീറ്ററാണ് വീല്‍ബേസ്. ഫോക്സ്വാഗണ് ടി-റോക് നിര്‍മിച്ച ഫോക്സ്വാഗണ് ഗ്രൂപ്പിന്റെ അതേ എംക്യുബി പ്ലാറ്റ്ഫോമാണ് സ്കോഡ കറോക്ക് അടിസ്ഥാനമാക്കിയിരിക്കുന്നത്.
1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ടിഎസ്ഐ എന്ജിന് ഓപ്ഷനില്‍ മാത്രമായിരിക്കും സ്കോഡ കറോക്ക് എസ്യുവി ലഭിക്കുന്നത്. 150 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഈ മോട്ടോര്‍ ഉല്‍പ്പാദിപ്പിക്കും. 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ചേര്‍ത്തുവെച്ചു.9 സെക്കന്‍ഡ് മതി 0-100 കിമീ/മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍. മണിക്കൂറില്‍ 202 കിലോമീറ്ററാണ് ടോപ് സ്പീഡ്. ഇന്ത്യയിലേക്ക് ഫ്രണ്ട് വീല്‍ ഡ്രൈവ് വേര്‍ഷന്‍ മാത്രമാണ് കൊണ്ടുവരുന്നത്. എന്നാൽ, അന്താരാഷ്ട്രതലത്തില്‍ 4 വീല്‍ ഡ്രൈവ് ഓപ്ഷന് ലഭ്യമാണ്.
സ്കോഡ കറോക്ക് ഫുള്ളി ലോഡഡ് സിംഗിള്‍ വേരിയന്റില്‍ മാത്രമായിരിക്കും ലഭിക്കുന്നത്. 17 ഇഞ്ച് അലോയ് വീലുകള്‍, ഫുള്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്, പനോരമിക് സണ്‍റൂഫ്, 'വിര്‍ച്വല്‍ കോക്പിറ്റ്' ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 8.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, 12 തരത്തില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ഒമ്പത് എയര്‍ബാഗുകള്‍ എന്നിവ ഫീച്ചറുകളാണ്.






