
ബിഎസ് 6 പാലിക്കുന്ന റെനോ ഡസ്റ്റര്‍ വിപണിയില്‍ അവതരിപ്പിച്ചു. ആര്‍എക്സ്ഇ, ആര്‍എക്സ്എസ്, ആര്‍എക്സ്ഇസഡ് എന്നീ മൂന്ന് പെട്രോള്‍ വേരിയന്റുകളില്‍ മാത്രമായിരിക്കും 2020 റെനോ ഡസ്റ്റര്‍ ലഭിക്കുന്നത്. യഥാക്രമം 8.49 ലക്ഷം, 9.29 ലക്ഷം, 9.99 ലക്ഷം രൂപയാണ് ഡെല്‍ഹി എക്സ് ഷോറൂം വില. കമ്പനി നേരത്തെ തന്നെ ഡീസല്‍ എന്ജിന് ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്കരിക്കില്ലെന്ന് വ്യക്തമായിരുന്നു. കോംപാക്റ്റ് എസ്യുവിയില്‍നിന്ന് പെട്രോള്‍-സിവിടി വേരിയന്റും ഒഴിവാക്കിയെന്നാണ് റിപ്പോർട്ട്.
2020 റെനോ ഡസ്റ്ററിന് ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ എൻജിൻ 105 ബിഎച്ച്പി പരമാവധി കരുത്തും 142 എന്‍എം പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. ഈ വര്‍ഷം തന്നെ എസ്യുവിയുടെ കൂടുതല്‍ കരുത്തുറ്റ ഓട്ടോമാറ്റിക് വേര്‍ഷന്‍ (ടര്‍ബോ പെട്രോള്‍) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 153 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 1.3 ലിറ്റര്‍, 4 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കും കരുത്തേകുന്നത്. 6 സ്പീഡ് മാന്വല്‍ ട്രാന്സ്മിഷന് ചേര്‍ത്തുവെയ്ക്കും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനായ സിവിടി ഓപ്ഷണലായിരിക്കും. എസ്യുവിയില് ഇപ്പോള്‍ മറ്റു മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.






