
പൂനെ: രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 300 ഉം കടന്നു. പൂനെ യില്‍ വിദേശയാത്രയുമായി ബന്ധമേയില്ലാത്ത യുവതിക്കും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സാമൂഹ്യ വ്യാപനം സംശയിക്കുകയാണ്.
പൂനെയില്‍ നാല്പതിനോടടുത്ത് പ്രായമുള്ള യുവതി നിലവില്‍ ബാര്‍ട്ടി ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്. ഇവര്‍ വിദേശ യാത്ര നടത്തുകയോ, ഇവരുടെ അടുത്ത ബന്ധുക്കള്‍ വിദേശ യാത്ര നടത്തുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യമാണ്. എന്നാല്‍ മാര്‍ച്ച് മൂന്നിന് നവി മുംബൈയില്‍ അവര്‍ ഒരു വിവാഹത്തിനു പങ്കെടുത്തതായി പറയുന്നു.
ന്യൂമോണിയയെ തുടര്‍ന്ന് ആദ്യം പ്രാദേശിക ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് രോഗലക്ഷണം കണ്ടെത്തിയതോടെ എച്ച്1എന്‍1 പരിശോധന നടത്തുകയും അത് നെഗറ്റീവ് ആകുകയും ചെയ്തു. തുടര്‍ന്നാണ് കോവിഡ്-19 ടെസ്റ്റ് നടത്തിയതും പോസിറ്റീവ് ആകുകയും ചെയ്തത്.
അതേസമയം കൊല്‍ക്കത്തയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ ബാധിതരുടെ എണ്ണം നാലായി. കര്‍ണാടകയില്‍ രോഗ ബാധിതരുടെ എണ്ണം 20 ആയി. തെലങ്കാനയില്‍ 21, പഞ്ചാബില്‍ 13 ഉം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.






