
ആഡംബര എസ്യുവി ശ്രേണിയില്‍ ബിഎംഡബ്ല്യു ഏറ്റവുമൊടുവില്‍ അവതരിപ്പിച്ച മോഡലാണ് X7. xDrive40i, xDrive30d എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് നിലവിൽ വിപണിയില്‍ ഉള്ളത്. 98.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറും വില. ഇപ്പോഴിതാ xDrive30d DPE എന്നൊരു അടിസ്ഥാന പതിപ്പിനെ കൂടി കമ്പനി അവതരിപ്പിച്ചു.
ഈ പതിപ്പിന്റെ എക്സ്ഷോറും വില 92.50 ലക്ഷം രൂപയാണ്. പുതിയ പതിപ്പിനെ അവതരിപ്പിച്ചതോടെ പഴയ രണ്ട് പതിപ്പുകളുടെയും വില കമ്പനി ഉയര്‍ത്തി. റിപ്പോർട്ട് പ്രകാരം xDrive30d, xDrive40i മോഡലുകളുടെ വില യഥാക്രമം Rs 1.02 കോടിയായും, Rs 1.06 കോടിയായുമായിട്ടാണ് കമ്പനി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. xDrive30d വേരിയന്റിനൊപ്പം DPE signature എന്നും xDrive40i വേരിയന്റിനൊപ്പം M Sport എന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
xDrive40i-ന്റെ കരുത്ത് 340 bhp കരുത്തും 450 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ സ്ട്രെയിറ്റ്-6, ടര്‍ബോ പെട്രോള്‍ എഞ്ചിനാണ്. 265 bhp കരുത്തും 620 Nm ടോർക്കും സൃഷ്ടിക്കുന്ന 3.0 ലിറ്റര്‍ സ്ട്രെയിറ്റ്-6 ടര്‍ബോ-ഡീസല്‍ എഞ്ചിനാണ് xDrive30d വകഭേദത്തിന്റെ കരുത്ത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് രണ്ടു എഞ്ചിനുകളിലും. ഇന്റഗ്രേറ്റഡ് ഡേ ടൈം റണ്ണിങ് ലൈറ്റുകളുള്ള ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, 20 ഇഞ്ച് അലോയ് വീലുകള്‍, ട്വിന്‍ എക്സ്ഹോസ്റ്റ് എന്നിവ ലഭിക്കും. ബ്ലാക്ക് സഫയര്‍, മിനറല്‍ വൈറ്റ്, ഫൈറ്റോണിക് ബ്ലൂ, ടെറ ബ്രൗണ്‍, ആര്‍ട്ടിക് ഗ്രേ ബ്രില്യന്റ് ഇഫക്റ്റ്, കാര്‍ബണ്‍ ബ്ലാക്ക് എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ ബിഎംഡബ്ല്യു X7 ലഭ്യമാകും.






